ശ്രീനഗർ : കശ്മീരിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേന. രണ്ട് ഭീകരർ പ്രദേശത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിഎസ്എഫ് തിരച്ചിൽ നടത്തുന്നത്. ദോഡയിലെ ഛത്തർഗല പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. വിവിധ സംഘങ്ങളായി ചേർന്നാണ് പരിശോധന നടത്തുന്നത്.
കഴിഞ്ഞ ദിവസം ഹിരാനഗറിലെ സുഹാൽ ഗ്രാമത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സുഹാൽ ഗ്രാമം കേന്ദ്രീകരിച്ച് ബിഎസ്എഫ് പരിശോധന നടത്തിയത്. തുടർന്ന് സുരക്ഷാ സേനയെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ ഞായറാഴ്ച കശ്മീരിലെ റിയാസിൽ തീർത്ഥാടകൾ സഞ്ചരിച്ചിരുന്ന ബസ് ഭീകരർ ആക്രമിക്കുകയും ഒമ്പത് പേർ മരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരരാണെന്നുള്ള റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് കശ്മീരിൽ വീണ്ടുമൊരു ആക്രമണമുണ്ടായത്.