കോഴിക്കോട് : വൈദ്യുതി തടസം പരിഹരിക്കാൻ കെഎസ്ഇബി ഫീൽഡ് ജീവനക്കാർക്ക് സഹായഹസ്തവുമായി മിനിസ്റ്റീരിയൽ ജീവനക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് വൈദ്യുതി തടസമുണ്ടായത്. കോഴിക്കോട് കൂമ്പാറയിലാണ് സംഭവം.
കൂമ്പാറ സെക്ഷനിലെ സീനീയർ സൂപ്രണ്ട് (ഇൻ ചാർജ്) അമ്പിളിയും കാഷ്യർ അൽഫോൺസയുമാണ് വൈദ്യുതി തടസം പരിഹരിക്കാൻ കെഎസ്ഇബി ഫീൽഡ് ജീവനക്കാർക്കൊപ്പം രംഗത്തെത്തിയത്. കെഎസ്ഇബി തന്നെയാണ് വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ഫീൽസ് ജീവനക്കാരെ സഹായിക്കുന്ന ഇരുവരുടെയും ചിത്രവും പങ്കുവച്ചിട്ടുണ്ട്.
പോസ്റ്റിന് പിന്നാലെ പലവിധത്തിലുള്ള കമന്റുകളാണ് കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെടുന്നത്. മറ്റുള്ളവരും ഇതൊക്കെ കണ്ട് പഠിക്കണമെന്നും മാറ്റങ്ങൾ വരുന്നത് നല്ലത് തന്നെയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ പോസ്റ്റിനെ വിമർശിക്കുന്ന രീതിയിലും കമന്റുകളുണ്ട്. മഴയ്‌ക്ക് മുമ്പ് ചെയ്ത് തീർക്കേണ്ട ജോലി ചെയ്തിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലെന്നും എന്തുവന്നാലും പുതിയ നിയമനം നടത്താൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ചിലർ കുറ്റപ്പെടുത്തി.