അമരാവതി : തെരഞ്ഞെടുപ്പ് വിധിയിലൂടെ ലഭിച്ചത് ഒരു അധികാരമല്ലെന്നും, മറിച്ച് വലിയ ഉത്തരവാദിത്വമാണെന്നും ആന്ധ്രപ്രദേശിന്റെ നിയുക്ത മുഖ്യമന്ത്രിയും ടിഡിപി ദേശീയ അദ്ധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. വികസനത്തെ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കുന്നതിനും, സംസ്ഥാനത്തിന്റെ മുന്നേറ്റത്തിലുമായിരിക്കും എപ്പോഴും ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
” നാല് പതിറ്റാണ്ടുകളായി ഇപ്പോൾ രാഷ്ട്രീയരംഗത്തുണ്ട്. ഈ കാലയളവിൽ പല തെരഞ്ഞടുപ്പുകളും കണ്ടിട്ടുണ്ട്. ഇൗ വർഷം നമ്മൾ കണ്ടത് ചരിത്ര നേട്ടമാണ്. ഈ വിജയത്തിലൂടെ ജനങ്ങൾ നൽകിയത് വലിയ ഉത്തരവാദിത്വമാണ്. അവരുടെ പ്രതീക്ഷകൾക്കനുസരിച്ച് തന്നെ ഭരണനേതൃത്വം മുന്നോട്ട് പോകും. ചരിത്രവിധി നൽകിയ ജനങ്ങളെ എല്ലാവരേയും അഭിവാദ്യം ചെയ്യികയാണ്.
സംസ്ഥാനം ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിൽ നിന്ന് പുറത്തുകടക്കുക എന്ന ലക്ഷ്യത്തിലാണ് എൻഡിഎയെ അധികാരത്തിലെത്തിക്കാൻ ജനങ്ങൾ മുൻകയ്യെടുത്തത്. ജനങ്ങളുടെ ആഗ്രഹം സഫലമാക്കപ്പെട്ടു. ഇനി അവരുടെ ആഗ്രഹത്തിനനുസരിച്ച് ഭരിക്കുക എന്ന ഉത്തരവാദിത്വം ഇവിടെ ഓരോരുത്തർക്കുമുണ്ട്. കഴിഞ്ഞ അഞ്ച് വർഷവും അങ്ങേയറ്റം മോശമായ ഭരണനേതൃത്വത്തെയാണ് ജനങ്ങൾ കണ്ടത്. പുതിയ സർക്കാരിനെ അധികാരത്തിലെത്തിക്കാൻ പ്രയത്നിച്ച ഓരോ പ്രവർത്തകനും നന്ദി അറിയിക്കുകയാണെന്നും” ചന്ദ്രബാബു നായിഡു പറഞ്ഞു.
ആന്ധ്രയുടെ മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11.27ന് വിജയവാഡയിലെ ഗന്നവാരം വിമാനത്താവളത്തിന് സമീപമുള്ള കേസരപ്പള്ളി ഐടി പാർക്കിൽ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 175 അംഗ നിയമസഭയിൽ 164 സീറ്റുകളും എൻഡിഎ സഖ്യം സ്വന്തമാക്കുകയായിരുന്നു.