മുംബൈ: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയ നാല് ബംഗ്ലാദേശി പൗരന്മാരെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. അനധികൃതമായി വ്യാജരേഖ ചമച്ച് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ ഏറെ നാളായി താമസിച്ചുവരികയായിരുന്നു ഇവർ.
റിയാസ് ഹുസൈൻ ഷെയ്ഖ് (33), സുൽത്താൻ സിദ്ധിയൗ ഷെയ്ഖ് (54), ഇബ്രാഹിം ഷഫിയുള്ള ഷെയ്ഖ് (44), ഫാറൂഖ് ഉസ്മാൻഗാനി ഷെയ്ഖ് (39) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്, എടിഎസിന്റെ ജുഹു യൂണിറ്റ് ഇവരെ അറസ്റ്റ് ചെയ്തത്. വർഷങ്ങൾക്ക് മുൻപാണ് ഇവർ അനധികൃതമായി രാജ്യത്ത് എത്തിയത്.
ഇന്ത്യൻ പാസ്‌പോർട്ട് ലഭിക്കാൻ ഇവർ ഗുജറാത്തിലെ സൂറത്തിൽ താമസക്കാരാണെന്ന വ്യാജരേഖകൾ ഉപയോഗിച്ചതായി എടിഎസ് അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചില ബംഗ്ലാദേശി പൗരന്മാർ വ്യാജ പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഇന്ത്യൻ പൗരന്മാരെന്ന വ്യാജേന വിദേശത്ത് ജോലി ചെയ്യുന്നതായും വെളിപ്പെട്ടു.പിടിയിലായവരെക്കൂടാതെ അഞ്ച് പേർ കൂടി സമാനമായ രീതിയിൽ പാസ്‌പോർട്ട് നേടിയിട്ടുണ്ടെന്നും ഇവരിൽ ഒരാൾ വ്യാജ ഇന്ത്യൻ രേഖകൾ ഉപയോഗിച്ച് ജോലിക്കായി സൗദി അറേബ്യയിലേക്ക് കടന്നതായും അന്വേഷണത്തിൽ വ്യക്തമായി.
ഇവരിൽ ചിലർ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് ഈ പാസ്‌പോർട്ടുകളുടെ സഹായത്തോടെയാണെന്നും എടിഎസ് അന്വേഷണത്തിൽ കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ടെന്നും ഇവർ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.