ടി20 ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ശ്വാസം നിലനിർത്തി പാകിസ്താൻ. കാനഡയുയർത്തിയ 106 റൺസ് വിജയലക്ഷ്യം 18-ാം ഓവറിലാണ് പാകിസ്താന് മറികടക്കാനായത്. ഇതോടെ ബാബറും കൂട്ടരും സൂപ്പർ 8ന് വിദൂര സാധ്യത നിലനിർത്തി. സ്കോർ: പാകിസ്താൻ 107/3 , കാനഡ 106/7.
മുഹമ്മദ് റിസ്വാന്റെയും ബാബർ അസമിന്റെയും ഇന്നിംഗ്സുകളാണ് പാകിസ്താന് നിർണായകമായത്. ഇരുവരും ചേർന്ന് 63 റൺസാണ് കൂട്ടിച്ചേർത്തത്. സയിം അയൂബിന്റെ(6) വിക്കറ്റ് നഷ്ടമായതിന് പിന്നാലെ കരുതലോടെയാണ് ഇരുവരും ക്രീസിൽ നിലയുറപ്പിച്ചത്. ഡിലോൺ ഹേയ്ലിഗറിനാണ് ഓപ്പണർ അയൂബിന്റെയും, ബാബർ അസമിന്റെയും(33) വിക്കറ്റുകൾ. ഫഖർ സമാനാണ്(5) പുറത്തായ മറ്റൊരു താരം. 53 റൺസുമായി റിസ്വാൻ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കാനഡയെ കൂറ്റൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത് ആരോൺ ജോൺസണാണ്. 52 റൺസാണ് താരം നേടിയത്. നായകൻ സാദ് ബിൻ സഫർ (10), കലീം സന (11) എന്നിവരാണ് കാനേഡിയൻ നിരയിൽ രണ്ടക്കം കടന്ന ബാറ്റർമാർ. മറ്റ് താരങ്ങളെല്ലാം നിരാശപ്പെടുത്തി. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിർ, ഹാരിസ് റൗഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.