എറണാകുളം : തെരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെ വിമർശിച്ച് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. വോട്ടിംഗിൽ പ്രതിഫലിച്ചത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്നും ക്ഷേമപെൻഷൻ മുടങ്ങിയത് ജനങ്ങളെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചെന്നും അംഗങ്ങൾ പറഞ്ഞു. ജില്ലയിലെ സംഘടനാ ദൗർബല്യമാണ് രണ്ട് മണ്ഡലങ്ങളിലെയും തോൽവിക്ക് കാരണമെന്നും പാർട്ടിയുടെ വോട്ടുചോർന്നെന്നും യോഗം വിലയിരുത്തി. 90,000 വോട്ടുകളാണ് സിപിഎമ്മിന് ഇത്തവണ എറണാകുളത്ത് കുറഞ്ഞത്.
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും കടുത്ത വിമർശനങ്ങൾ ഉയർന്നു. സ്വയം വിമർശനം അനിവാര്യമാണെന്നതാണ് പ്രധാനമായും ഉയർന്നത്. ആത്മവിമർശനവും തിരുത്തലും വേണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയും വിമർശനമുയർന്നു. വിമർശനങ്ങളോട് അസഹിഷ്ണുഷണത പ്രകടിപ്പിക്കരുത്. ഇല്ലെങ്കിൽ പാർട്ടി ഉണ്ടാകില്ലെന്നും ചില അംഗങ്ങൾ പറഞ്ഞു. ഭരണവിരുദ്ധ വികാരം കേരളത്തിലെ തെരഞ്ഞടുപ്പ് ഫലത്തെ ബാധിച്ചെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി.
കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി, ക്ഷേമ പെൻഷൻ, സിപിഒ ഉദ്യോഗാർത്ഥികളുടെ സമരം, കറന്റ് – വാട്ടർ ബിൽ വർദ്ധന, സപ്ലൈകോ പ്രതിസന്ധി, ഉൾപ്പെടെയുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് തെരഞ്ഞടുപ്പിൽ പ്രതിഫലിച്ചത്.