തൃശൂർ: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനവുമായി കെസിവൈഎം. മരത്താക്കര മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലെ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിലാണ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചത്.
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെയാണ് ക്രിസ്തുദേവന്റെയും സുരേഷ്‌ഗോപിയുടെയും ചിത്രം മോർഫ് ചെയ്ത് ഇടത് സഹയാത്രികനായ റെജി ലൂക്കോസ് ഫേസ്ബുക്കിൽ പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.വികാരി ഫാദർ ജോബ് വടക്കൻ,കെ.സി.വൈ.എം പ്രസിഡണ്ട് ഡിജോ ഡേവിസ്, അസിസ്റ്റൻറ് വികാരി ആൻസൺ ജോൺ ഒക്കാം, ഡീക്കൻ ജീസ് അക്കരപ്പട്ട്യേയ്‌ക്കൽ,കേന്ദ്ര സമിതി കൺവീനർ ബാബു ചിറയത്ത്, സംഘടനാ ഏകോപന സമിതി പ്രസിഡണ്ട് ഷാജു തൊമ്മാന,നടത്തു കൈക്കാരൻ ജെമിൻ അക്കര എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
ക്രിസ്തുവിന്റെ ചിത്രം വികൃതമാക്കിയതിനെതിരെ റെജി ലൂക്കോസിനെതിരെ പരാതിയുമായി സീറോ മലബാർ സഭ പ്രോലൈഫ് അപ്പോസ്തലേറ്റും രംഗത്തെത്തിയിരുന്നു. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നായിരുന്നു റെജി ലൂക്കോസ് പ്രതികരിച്ചത്.