ന്യൂഡൽഹി : മോദിയുടെ മൂന്നാംമൂഴത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായി ബി.ജെ.പി നേതാവ് ജെ.പി നദ്ദ ചുമതലയേറ്റു. സഹമന്ത്രിമാരായ അനുപ്രിയ പട്ടേലും ജാദവ് പ്രതാപറാവു ഗണപതിറാവുവും നദ്ദയ്‌ക്കൊപ്പമുണ്ടായിരുന്നു. രാസവള മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനുണ്ട്.
മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് സത്യപ്രതിജ്ഞക്കു ശേഷം അദ്ദേഹം പ്രതികരിച്ചു. തനിക്ക് അനുവദിച്ച പദവികളിൽ അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദിയും രേഖപ്പെടുത്തി. ആരോഗ്യം, കുടുംബക്ഷേമം, രാസവളം എന്നീ മന്ത്രാലയങ്ങളുടെ ചുമതലകളിൽ നിയോഗിച്ചതിന് പ്രധാനമന്ത്രിയോട് നന്ദിരേഖപ്പെടുത്തുന്നതായും, മോദിയുടെ മൂന്നാമൂഴത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് അചഞ്ചലമായി പ്രയത്നിക്കാൻ താൻ പ്രതിഞാബദ്ധനാണെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
“ആരോഗ്യം, കുടുംബക്ഷേമം , അടിസ്‌ഥാന സൗകര്യം എന്നിവ ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിൽ ആരും പിന്നിലല്ലെന്ന് ഉറപ്പുവരുത്തും. കൂടാതെ മോദിജിയുടെ “വികസിത ഭാരതം” എന്ന ആശയം സാക്ഷാത്കരിക്കാൻ എല്ലാ സംഭാവനകളും ചെയ്യും”, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ആദ്യ ടേമിൽ ആരോഗ്യമന്ത്രിയായിരുന്നു ജെ പി നദ്ദ.