രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരുന്നതും അവയുടെ വികൃതികൾ കണ്ട് ഇരിക്കുന്നതുമെല്ലാം മനസിന് ശാന്തതയും സമാധാനവും നൽകാറുണ്ട്. ഇന്ന് ഒരു ഹോബി എന്ന നിലയിൽ പക്ഷി നിരീക്ഷണം ജനപ്രിയമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, പ്രായമായവരും ദീർഘനാളത്തെ ജോലിയിൽ നിന്നും വിരമിച്ച് വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നവരും പക്ഷികളെ നിരീക്ഷിച്ചു സന്തോഷം കണ്ടെത്താറുണ്ട്. യുവാക്കളിൽ പോലും അവരുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. കിളികളെ കാണാനും അവയുടെ കുസൃതികൾ നിരീക്ഷിക്കാനുമായി വീട്ടുമുറ്റത്ത് ധാന്യവും വെള്ളവുമെല്ലാം വയ്‌ക്കുന്നവരാണ് മിക്കവരും. പക്ഷികളെ നിരീക്ഷിക്കുന്നതിലൂടെ അവർ പ്രകൃതിയുമായി ബന്ധപ്പെടുക കൂടിയാണ്. എന്തുകൊണ്ടാണ് ഇന്ന് പലരും പക്ഷികളിലേക്ക് ആകർഷിക്കപ്പെടുന്നത്! പക്ഷി നിരീക്ഷണം മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു. നമുക്ക് അറിയാം…
എന്താണ് പക്ഷി നിരീക്ഷണം
ബൈനോക്കുലറുകളോ ടെലിസ്കോപ്പുകളോ ഉപയോഗിച്ചോ അല്ലാതെയോ പക്ഷികളെ നിരീക്ഷിക്കുന്നതാണ് പക്ഷി നിരീക്ഷണം. ഒരു ജനാലയിലൂടെയോ മുറ്റത്തിന്റെ വിവിധ കോണുകളിൽ ഇരുന്നുകൊണ്ടോ നിങ്ങൾക്ക് പക്ഷികളെ നിരീക്ഷിക്കാം. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കാനും പ്രകൃതിയുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും പക്ഷി നിരീക്ഷണം നമ്മെ സഹായിക്കും. മാത്രമല്ല, പുതിയ പക്ഷി ഇനങ്ങളെ പരിചയപ്പെടാനും അവയുടെ പ്രത്യേകതകളെ പറ്റി പഠിക്കാനും നമുക്ക് കഴിയും.
പക്ഷി നിരീക്ഷണത്തിന്റെ ഗുണങ്ങൾ എന്തെല്ലാം
പ്രകൃതിയോട് നമ്മെ അടുപ്പിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കും
മാനസികാരോഗ്യം വർദ്ധിപ്പിക്കും
മറ്റ് ജീവജാലങ്ങളോട് സഹാനുഭൂതി വളർത്തും.
തലച്ചോറിലെ സന്തോഷകരമായ രാസവസ്തുക്കളായ എൻഡോർഫിൻസ്, ഡോപാമൈൻ എന്നിവ പുറത്തുവിടാൻ സഹായിക്കും.
ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്‌ക്കും.
പക്ഷിനിരീക്ഷണത്തിൽ ഏർപ്പെടുമ്പോൾ നാം നടക്കുന്നു. ആയാസമില്ലാത്ത ഈ നടത്തം ആരോഗ്യത്തിന് നല്ലതാണ്.
പക്ഷി നീരീക്ഷണം പുതിയ അറിവുകൾ നൽകും.