ആലപ്പുഴ: രണ്ടാം പിണറായി വിജയൻ സർക്കാരിനെ വിമർശിച്ചും മൂന്നാം മോദി സർക്കാരിനെ പ്രശംസിച്ചും മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രി ജി.സുധാകരൻ. വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു പരാമർശം. നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണ്. ഭൂരിഭാഗം കേന്ദ്രമന്ത്രിമാർക്കെതിരെയും അഴിമതി ആരോപണങ്ങളില്ല. അതാണ് അവരുടെ ശക്തി.
കോൺഗ്രസ് സർക്കാരിൽ ഇതായിരുന്നില്ല അവസ്ഥ. നേതാവുണ്ടെങ്കിൽ ജനം പിന്നാലെയെത്തും. പാർട്ടിയേതായാലും ലീഡർഷിപ്പ് പ്രധാനമാണ്. രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങളില്ല.പലർക്കും സർക്കാരിനെതിരെ വിമർശനങ്ങളുണ്ട്. എന്നാൽ ഇതൊന്നും പറയാതിരിക്കുന്നത് സ്വാർത്ഥന്മാരാണ്. ജനാധിപത്യ സംവിധാനത്തിൽ വിമർശിക്കുന്നതിന് ആരെ പേടിക്കാനാണ്.
സുരേഷ് ഗോപി നല്ല സ്ഥാനാർത്ഥിയായിരുന്നു. അദ്ദേഹം കാണിക്കുന്നത് സ്റ്റൈൽ കോപ്രായമല്ല. കാബിനറ്റ് പദവി നൽകണമായിരുന്നു.ആലപ്പുഴയിലെ സിപിഎം കോട്ടകളിൽ വോട്ട് ചോർച്ചയുണ്ടായി.ന്യൂനപക്ഷങ്ങൾ കോൺഗ്രസിന് വോട്ടു നൽകി. പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും മൂന്നാമതായി. കമ്മ്യൂണിസ്റ് പാർട്ടി പിറവിയെടുത്ത സ്ഥലങ്ങളിൽ പോലും മൂന്നാമതാകുന്നത് ചരിത്രത്തിലാദ്യം.
ഇവിടങ്ങളിലെ നേതൃത്വമാണ് ഇതിന് മറുപടി പറയേണ്ടത്. കെ.കെ ശൈലജ എവിടെ നിന്നാലും ജയിക്കുമെന്ന് പറഞ്ഞത് മാദ്ധ്യമങ്ങൾ മാത്രമാണ്. അവർ നേരത്തെയും തോറ്റിട്ടുണ്ട്. ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിലും നല്ലത് ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതെന്നും ജി.സുധാരൻ പറഞ്ഞു.