ന്യൂഡൽഹി : മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്രമോദിക്ക് ആശംസകളറിയിച്ച് ഖത്തർ അമീർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി. ഇരുനേതാക്കളും നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ആശംസകളറിയിച്ചത്. കൂടാതെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
ഖത്തർ അമീറിനു നന്ദിയറിയിച്ച പ്രധാനമന്ത്രി ഫെബ്രുവരിയിൽ നടത്തിയ ഖത്തർ സന്ദർശനം അനുസ്മരിക്കുകയും ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഇന്ത്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. “പ്രിയ സുഹൃത്ത് ഖത്തർ അമീറുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അനുമോദനങ്ങൾക്ക് നന്ദി. ഇന്ത്യ – ഖത്തർ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത കാത്തുസൂക്ഷിക്കും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കൂടാതെ ഖത്തർ അമീറിന് പിറന്നാൾ ആശംസകളും ഈദ് ആശംസകളും പ്രധാനമന്ത്രി നേർന്നു.
ഖത്തർ അമീർ കൂടാതെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്ഗേ, ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെൻ, യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടങ്ങി നിരവധി ലോക നേതാക്കളാണ് നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ചത്. ഞായറാഴ്ചയായിരുന്നു രാഷ്‌ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ, ശ്രീലങ്കൻ പ്രസിഡൻ്റ് റനിൽ വിക്രമസിംഗെ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗേ, മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സീഷെൽസ് വൈസ് പ്രസിഡൻ്റ് അഹമ്മദ് അഫീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.