തിരുവനന്തപുരം: ലോക കേരളസഭ ഉദ്ഘാടനം ചെയ്യാനുള്ള ക്ഷണം നിരസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറി രാജ്ഭവനിൽ നേരിട്ടെത്തി ക്ഷണിച്ചെങ്കിലും ഗവർണർ നിരസിക്കുകയായിരുന്നു. മുൻ ലോക കേരള സഭകളിൽ ക്ഷണിച്ചിട്ടില്ലെന്നും, ഇപ്പോൾ എന്ത് പ്രത്യേകതയെന്നും ഗവർണർ മറുപടി നൽകി.
ഭരണഘടനാ സ്ഥാപനങ്ങളെ സർക്കാർ വിലകുറച്ച് കാണുകയാണെന്ന് ഗവർണർ വിമർശിച്ചു. എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ കാർ ആക്രമിച്ചപ്പോൾ അത് ജനാധിപത്യ പ്രതിഷേധമെന്നാണ് സർക്കാർ പറഞ്ഞത്. മന്ത്രിമാർ പോലും അക്രമികൾക്ക് കൈകൊടുത്ത് അഭിനന്ദിക്കുകയായിരുന്നു. സർക്കാർ കളിക്കുന്ന രാഷ്‌ട്രീയ നാടകത്തിന് താൻ എന്തിന് കൂട്ടുനിൽക്കണമെന്ന് ഗവർണർ ചോദിച്ചു.
130 രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ചുകൊണ്ട് സർക്കാർ നടത്തുന്ന ലോക കേരള സഭയിൽ പ്രമുഖ വ്യവസായികൾ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനം കടബാധ്യതയിൽ നട്ടം തിരിയുമ്പോഴും സർക്കാർ നടത്തുന്ന ധൂർത്ത് പരിപാടികളോട് ഗവർണർ എപ്പോഴും വിമർശനങ്ങൾ അറിയിച്ചിരുന്നു.