ന്യൂഡൽഹി: വിദേശ സർവകലാശാലകളുടെ മാതൃകയിൽ ഇന്ത്യയിലെ സർവകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും വർഷത്തിൽ രണ്ട് തവണ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ ചെയർമാൻ ജഗദീഷ് കുമാർ. 2024 -25 അദ്ധ്യയന കാലയളവിലെ പ്രവേശന നടപടികൾ ആദ്യ ഘട്ടം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും രണ്ടാം ഘട്ടം ജനുവരി, ഫെബ്രുവരി മാസങ്ങളിലും നടക്കും.
ജൂലൈ-ഓഗസ്റ്റിൽ തുടങ്ങി മെയ്-ജൂൺ കാലയളവിൽ അവസാനിക്കുന്ന അദ്ധ്യയന രീതിയാണ് നിലവിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ളത്. വർഷത്തിൽ രണ്ട് തവണ പ്രവേശനം നൽകുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് യുജിസിയുടെ വിലയിരുത്തൽ. പരീക്ഷാഫലം വരാനുള്ള കാലതാമസം, ആരോഗ്യപ്രശ്നങ്ങൾ മുതലായവ കാരണം ആദ്യതവണ പ്രവേശനം നേടാൻ കഴിയാത്തവർക്ക് പുതിയ പരിഷ്കരണത്തിലൂടെ ഒരു അവസരം കൂടി ലഭിക്കും. ഇതുവഴി പ്രവേശനത്തിനായുള്ള കാത്തിരിപ്പ് ഒഴിവാക്കാനാകുമെന്നും യുജിസി ചെയർമാൻ പറഞ്ഞു.
മുൻപ് വിദൂര വിദ്യഭ്യാസ കോഴ്‌സുകളിൽ ഈ പരിഷ്കരണം നടപ്പിലാക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. തുടർന്നാണ് യുജിസി സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കൂടി ഈ മാറ്റം നടപ്പിലാക്കാൻ തീരുമാനിച്ചത്.