ശ്രീനഗർ: റിയാസി ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് നിർണ്ണായക സൂചന. മെയ് 4 ന് പൂഞ്ചിൽ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയവരാണ് റിയാസി ഭീകരാക്രമണത്തിന് പിന്നിലെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
പാക് സൈന്യത്തിലെ മുൻ കമാൻഡോ ആയിരുന്ന ഇല്ലിയാസ്, പാക് ഭീകരൻ ഹദൂൺ, നിരോധിത സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ കമാൻഡറായ അബു ഹംസ എന്നിവരാണ് പൂഞ്ചിൽ സൈനിക വാഹനം ആക്രമിച്ചത്. യുഎസ് നിർമ്മിത എം4 റൈഫിൾ, റഷ്യൻ നിർമ്മിത എകെ 47 എന്നിവ ഉപയോഗിച്ചാണ് ഇവർ വ്യോമസേന വാഹനം ആക്രമിച്ചത്. സംഭവത്തിന് ശേഷം ഭീകരർ കാട്ടിനുള്ളിലേക്ക് കടന്നതായാണ് വിവരം. മൂന്ന് ഭീകരരും ഗറില്ലാ യുദ്ധത്തിൽ പരിശീലനം നേടിയവരാണ്. റിയാസി ബസ് ആക്രമണത്തിലും ഇവർക്ക് പങ്കുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്.
ഞായറാഴ്‌ച്ച വൈകുന്നേരത്തോടെയായിരുന്നു തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ആക്രമണമുണ്ടായത്. ശിവ് ഖോരി ക്ഷേത്രത്തിൽ നിന്നും മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് മടങ്ങും വഴിയാണ് സംഭവം. പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരർ ബസിന് നേരെ വെടിയുതിർക്കുകയും നിയന്ത്രണം വിട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒരു കുഞ്ഞ് ഉൾപ്പെടെ പത്ത് പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റു. പാകിസ്താൻ പിന്തുണയുള്ള ഇസ്ലാമിക ഭീകരസംഘടനയായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുത്തിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചു.
പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനമേഖലയിലടക്കം തെരച്ചിൽ നടക്കുകയാണ്. റിയാസി ജില്ല സംയുക്ത സൈന്യം വളഞ്ഞിരിക്കുകയാണ്. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന ഭരണകൂടവുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.