അമരാവതി : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് ഒരുദിവസം മാത്രം ശേഷിക്കെ നിർണായക പ്രഖ്യാപനം നടത്തി ടിഡിപി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡു. തലസ്ഥാന നഗരം ഇനിമുതൽ അമരാവതി മാത്രമായിരിക്കുമെന്ന് ടിഡിപി അദ്ധ്യക്ഷൻ വ്യക്തമാക്കി. എൻഡിഎ സഖ്യത്തിന്റെ സംസ്ഥാനതല യോഗത്തിന് പിന്നാലെയാണ് ടിഡിപി അദ്ധ്യക്ഷന്റെ നിർണായക പ്രഖ്യാപനം.
ടിഡിപി എംഎൽഎമാർക്കൊപ്പം ബിജെപി, ജനസേന പാർട്ടികളുടെ ജനപ്രതിനിധികളും എൻഡിഎ യോഗത്തിൽ പങ്കെടുത്തിരുന്നു. എൻഡിഎയുടെ നിയമസഭാ കക്ഷിനേതാവായി ചന്ദ്രബാബു നായിഡുവിനെ ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന തലസ്ഥാന വിവാദവുമായി ബന്ധപ്പെട്ട് നിർണായകമായ പ്രഖ്യാപനം നിയുക്ത മുഖ്യമന്ത്രി നടത്തിയത്.
“ആന്ധ്രയിൽ പുതുതായി അധികാരത്തിലേറുന്ന എൻഡിഎ സർക്കാർ തലസ്ഥാന നഗരം സംബന്ധിച്ച വിഷയത്തെ ഗൗരവമായി കണക്കിലെടുക്കുന്നു. ആന്ധ്രയുടെ തലസ്ഥാനം അമരാവതിയാണ്. അമരാവതി മാത്രമാണ് തലസ്ഥാനം”- ചന്ദ്രബാബു നായിഡു ഊന്നിപ്പറഞ്ഞു.
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ചതിന് ശേഷം അധികാരത്തിലേറുന്ന (2014-2019) ആദ്യ മുഖ്യമന്ത്രിയായിരുന്നു ടിഡിപിയുടെ ചന്ദ്രബാബു നായിഡു. സംസ്ഥാനത്തിന്റെ തലസ്ഥാന നഗരമായി അമരാവതിയെ മാറ്റുമെന്ന് ടിഡിപി അദ്ധ്യക്ഷൻ അന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2019ൽ ടിഡിപിക്ക് അധികാരം നഷ്ടപ്പെടുകയും ജഗൻ മോഹൻ റെഡ്ഡി നയിക്കുന്ന YSRCP അധികാരത്തിൽ വരികയും ചെയ്തതോടെ തലസ്ഥാന നഗരം സംബന്ധിച്ച തീരുമാനങ്ങൾ അവതാളത്തിലായി.
അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് പകരം സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങളെ സൃഷ്ടിക്കുന്നതിലാണ് YSRCP ശ്രദ്ധ കേന്ദ്രീകരിച്ചത്. അരാവതിയും വിശാഖപ്പട്ടണവും തലസ്ഥാന നഗരങ്ങളായി പ്രഖ്യാപിക്കാൻ ജഗൻ മോഹൻ റെഡ്ഡി താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ 2024ലെ തെരഞ്ഞെടുപ്പിൽ YSRCP കൂപ്പുകുത്തിയതോടെ ഒറ്റതലസ്ഥാനമെന്ന ആശയത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു ടിഡിപി.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്രയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് എൻഡിഎ സഖ്യം നടത്തിയത്. ടിഡിപി-ബിജെപി-ജനസേന എന്നീ പാർട്ടികൾ അടങ്ങുന്ന ത്രികക്ഷി സഖ്യം വിജയിച്ചതോടെ അമരാവതിയെ തലസ്ഥാനമാക്കുന്ന പദ്ധതിക്ക് പുതുജീവൻ നൽകുകയായിരുന്നു.