മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് പ്രിയദർശൻ. ഒരു പിടി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ. അതിൽ മിക്കതും പ്രിയദർശൻ-മോഹൻലാൽ കോംബോയിൽ പിറന്ന സിനിമകളാണ്. എന്നാൽ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം മാത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്തത്. പ്രിയദർശൻ- മമ്മൂട്ടി കൂട്ടുകെട്ടിൽ എന്തുകൊണ്ടാണ് അധികം സിനിമകൾ ഉണ്ടാകാതിരുന്നത് എന്ന് മലയാളി പ്രേക്ഷകർ ചിന്തിക്കാറുണ്ട്. ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിൽ ആണെങ്കിലും എന്തുകൊണ്ട് ഒരുമിച്ച് ചിത്രങ്ങൾ ഉണ്ടാകുന്നില്ല. മലയാളികളുടെ ഈ സംശയത്തിന് ഉത്തരം നൽകുകയാണ് സംവിധായകൻ. ജനം ടിവിയുടെ ‘സിനിമാവിൻ കൊമ്പത്ത്’ എന്ന പ്രത്യേക അഭിമുഖത്തിലാണ് പ്രിയദർശൻ മനസ് തുറന്നത്.
“മമ്മൂട്ടിക്കയുമായി അധികം സിനിമ ഞാൻ ചെയ്തിട്ടില്ല. ആദ്യത്തെ സിനിമയിൽ അദ്ദേഹം ഡേറ്റ് തന്നിട്ട് മുങ്ങി കളഞ്ഞു. ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’ എന്ന സിനിമയിലെ റോൾ കട്ട് ചെയ്ത് ചെറുതാക്കി അദ്ദേഹത്തിന് പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യേണ്ടി വന്നു. ‘നീ തത്ക്കാലം ആരുടെയെങ്കിലും മുഖത്ത് കൊണ്ടുപോയി ക്യാമറ വെച്ച് പഠിക്ക്, എന്നിട്ട് നമുക്ക് സിനിമ ചെയ്യാം’ എന്ന് മമ്മൂട്ടിക്ക പറഞ്ഞു. ആ സമയത്ത് മമ്മൂട്ടിക്കയുടെ പീക്ക് ടൈം ആയിരുന്നു. അതുകൊണ്ടാണ് ആദ്യ സിനിമയിൽ വരാതിരുന്നത്”.
“മമ്മൂട്ടിക്കയുടെ ആ ക്യാരക്ടർ ചെറുതാക്കി പൂച്ചയ്‌ക്കൊരു മൂക്കുത്തിയിൽ സോമേട്ടനെ ഉൾപ്പെടുത്തി. യഥാർത്ഥത്തിൽ, ആ സിനിമയിലെ മൂന്നാമത്തെ ഒരു ഹീറോയുടെ റോൾ ആയിരുന്നു മമ്മൂട്ടിക്കായുടെ. പിന്നീട് കുറച്ചു സിനിമകൾ മാത്രമേ അദ്ദേഹത്തിനൊപ്പം ചെയ്തിട്ടുള്ളൂ. പക്ഷേ ഒരു കാര്യം പറയണം, സിനിമയിൽ വന്ന കാലത്ത് മോഹൻലാൽ തിരക്കുകൊണ്ട് മറ്റൊരു വഴിക്ക് പോയി. ആ സമയത്ത് മദ്രാസിൽ ചെല്ലുമ്പോൾ എന്റെയും സുരേഷിന്റെയും സനലിന്റെയും കിടപ്പു വരെ മമ്മൂട്ടിക്കായുടെ റൂമിലായിരുന്നു. എന്റെ അറിവിൽ മലയാള സിനിമയിലെ ആരെയെങ്കിലും അദ്ദേഹം സ്വന്തം വീട്ടിൽ താമസിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നെയും സുരേഷ് കുമാറിനെ മാത്രമാണ്”- പ്രിയദർശൻ പറഞ്ഞു.