ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം വകുപ്പ് മന്ത്രിയായി ഭൂപേന്ദർ യാദവ് ചുമതലയേറ്റു. പ്രധാനപ്പെട്ട ഒരു മന്ത്രാലയത്തിന്റെ ചുമതല തനിക്ക് നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി അറിയിക്കുന്നുവെന്ന് ചുമതയേറ്റ ശേഷം ഭൂപേന്ദർ യാദവ് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
“ഈ ഉത്തരവാദിത്തം നിറവേറ്റാൻ പൂർണ ആത്മാർത്ഥതയോടെ പ്രവർത്തിക്കും. നമ്മുടെ ഭൂമിയെ ഹരിതാഭമാക്കി നിലനിർത്താനുള്ള ഉത്തരവാദിത്തം നിറവേറ്റും. കഴിഞ്ഞ പത്ത് വർഷമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതിയും വികസനവും ഒരുമിച്ച് ഏറ്റെടുത്ത് ഞങ്ങൾ മുന്നോട്ട് പോകുകയാണ്. പ്രധാനമന്ത്രി തുടക്കം കുറിച്ച ‘എക് പേട് മാ കെ നാം’ എന്ന പദ്ധതി ലോകമെമ്പാടും ശ്രദ്ധനേടി’.
‘നിങ്ങൾ എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. പ്രധാനമന്ത്രിയുടെ ദൗത്യം ഞാൻ നിറവേറ്റുന്നതായിരിക്കും. അതിന് വേണ്ടി ഞങ്ങൾ പ്രവർത്തിക്കും. എക് പേട് മാ കെ നാം എന്ന ക്യാമ്പെയിനിന്റെ ഭാഗമായി വിവിധ സംഘടനകൾ, എൻജിഒകൾ, സിവിൽ സൊസൈറ്റികൾ എന്നിവയുടെ പ്രതിനിധികൾ അമ്മമാരെ ഓർത്തുകൊണ്ട് മരം നട്ടുപിടിപ്പിക്കും’- ഭൂപേന്ദർ യാദവ് പറഞ്ഞു.
റെയിൽവേ, വാർത്താവിതരണ മന്ത്രിയായി അശ്വിനി വൈഷ്ണവും ഊർജ- നഗരവികസന മന്ത്രിയായി മനോഹർലാൽ ഖട്ടറും ചുമതലയേറ്റു. ടെക്സ്റ്റൈൽ മന്ത്രിയായി ഗിരിരാജ് സിംഗും പെട്രോളിയം, സാംസ്കാരിക, ടൂറിസം സഹമന്ത്രിയായി സുരേഷ് ഗോപിയും ചുമതലയേറ്റു.