ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പരിസ്ഥിതി ദിനാഘോഷവും നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള “ലക്ഷം വൃക്ഷം ലക്ഷ്യം” പദ്ധതിയുടെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് കാലത്ത്, പൂക്കോട് സാംസ്കാരിക നിലയത്തിൽ വെച്ച് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു. ലോക പരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ നഗരസഭ പ്രദേശത്ത് ഒരു ലക്ഷം വൃക്ഷ തൈ നട്ടുപിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവർത്തനം ആരംഭിച്ചു.
നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷി വകുപ്പിൻ്റെയും വനംവകുപ്പിൻ്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയാണിത്. പൂക്കോട് സാംസ്കാരിക നിലയത്തിൽ വച്ച് വൈസ് ചെയർ പേർസൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ കമ്മിറ്റി ചെയർ പേർസൺ ഷൈലജ സുധൻ, കൗൺസിലർ ബിബിത, നഗരസഭ സെക്രട്ടറി എച്ച്.അഭിലാഷ്, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, ഹരിത കേരള മിഷൻ കോർഡിനേറ്റർ രാജി എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. നഗരസഭ ചെയർമാൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗുരുവായൂർ 43 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ
വൃക്ഷ തൈകൾ നട്ടു. 2024 ലെ പരിസ്ഥിതി ദിന സന്ദേശമായ “മരുഭൂവൽക്കരണത്തേയും വരൾച്ചയേയും പ്രതിരോധിക്കാനായി
ഭൂപ്രകൃതി പുന:സ്ഥാപിക്കുക ” എന്ന ലക്ഷ്യം സാർത്ഥകമാക്കുന്നതിന് ഏവരും നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു.