ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 5 ന് ബുധനാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കും.
ഗുരുവായൂർ ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും പൂജാ സസ്യങ്ങൾ,ഫലവൃക്ഷ തൈകളുടെ നടീൽ, പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ,വൃക്ഷത്തെ ആദരിക്കൽ എന്നിവയുണ്ടാകും. ക്ഷേത്രങ്ങളും പരിസരവും ശുചിയായി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരും ദേവസ്വo വകുപ്പും കഴിഞ്ഞ വർഷം ആവിഷ്കരിച്ച ദേവാങ്കണം ചാരു ഹരിതം പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ വിപുലമായി നടത്താനാണ് ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം. ഗുരുവായൂർ ക്ഷേത്രാവശ്യങ്ങൾക്കുള്ള പുഷ്പങ്ങൾ ലഭിക്കുന്നതിനായി പട്ടര്കുളത്തിന് സമീപം രാവിലെ 9.30ന് പൂജാ സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങ് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷേത്രം തെക്കേ നടയിലെ കൂവള വൃക്ഷത്തെ ആദരിക്കും. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ശ്രദ്ധേയമായ’ സംഭാവനകൾ നൽകിയ ശ്രീ കൃഷ്ണ കോളേജ് ബോട്ടണി വിഭാഗം മേധാവിയായിരുന്ന ഡോ.ഹരിനാരായണൻ, ദേവസ്വം മുൻ ചീഫ് ഫിനാൻസ് ആൻ്റ് അക്കൗണ്ട്സ് ഓഫീസർ എം.ജയചന്ദ്രൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും. രാവിലെ 11ന് പുന്നത്തൂർ ആനക്കോട്ടയിൽ ഫലവൃക്ഷതൈ നടീൽ പ്രവർത്തനം നടക്കും.
കുട്ടികളിൽ പരിസര ‘ ശുചീകരണ സംസ്കാരം രൂപീകരിക്കാൻ ദേവസ്വം സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽ സന്ദേശ ബോർഡുകൾ സ്ഥാപിക്കും. ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിലെ മഞ്ചുളാലിൻ്റെ വളർച്ചാ ശോഷിപ്പ് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും. ഇതിനായി മണ്ണ് പരിശോധന നടത്തും. വനം വകുപ്പിൽ നിന്നും ലഭ്യമാകുന്ന ഫലവൃക്ഷ തൈകൾ ദേവസ്വത്തിൻ്റെ വിവിധ സ്ഥാപനങ്ങളിൽ നട്ടുപിടിപ്പിക്കാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്.