എറണാകുളം : കൊച്ചിയിലെ വെള്ളക്കെട്ട് പരിശോധിക്കാൻ സ്ഥലത്തെത്തിയ മന്ത്രി പി രാജീവിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. വെള്ളക്കെട്ട് പരിഹരിക്കേണ്ടത് മുനിസിപ്പാലിറ്റിയെന്ന് പറഞ്ഞതോടെയാണ് പ്രതിഷേധമുണ്ടായത്. പ്രദേശവാസികളും കടയുടമകളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പെട്ടെന്ന് മടങ്ങേണ്ടതുണ്ടെന്ന് അറിയിച്ചതോടെ പ്രതിഷേധം കനത്തു.
കൊച്ചിയിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഇടപ്പള്ളിയിലാണ് മന്ത്രി എത്തിയത്. എത്രയും വേഗത്തിൽ ഇതിനൊരു പരിഹാരം കാണണമെന്നും രണ്ട് മൂന്ന് ദിവസമായി തങ്ങൾ ദുരിതത്തിലാണെന്നും നാട്ടുകാർ മന്ത്രിയെ അറിയിച്ചു. കൃത്യമായ മറുപടി ലഭിച്ചാൽ മാത്രമേ തങ്ങൾ പിരിഞ്ഞുപോകൂവെന്നും നാട്ടുകാർ പറഞ്ഞു.
പൊലീസാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. വെള്ളക്കെട്ടുള്ള വിവിധയിടങ്ങളിൽ മന്ത്രി സന്ദർശിച്ചു. ചെറിയ മഴയിൽ പോലും കൊച്ചിയിലെ വിവിധയിടങ്ങളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. നോക്കി നിൽക്കുകയല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. മഴ എത്തുമ്പോഴോ മഴ കഴിയുമ്പോഴോ അല്ല നടപടികൾ സ്വീകരിക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇറിഗേഷൻ വകുപ്പിനോട് ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും കോടതി നിർദേശിച്ചു.