ന്യൂഡൽഹി: സ്വർണക്കടത്ത് ഇടപാടിൽ കോൺഗ്രസ് എംപി ശശി തരൂരിൻ്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് ഡൽഹി ഐജിഐ വിമാനത്താവളത്തിൽ അറസ്റ്റിൽ. 500 ഗ്രാം സ്വർണവുമായി ശിവകുമാർ പ്രസാദ് എന്നയാൾ പിടിയിലായതായി കസ്റ്റംസ് അറിയിച്ചു.
ശിവകുമാർ പ്രസാദ് തൻ്റെ മുൻ പിഎ ആണെന്ന് ശശി തരൂർ വ്യക്തമാക്കി.
ശിവകുമാർ പ്രസാദിനൊപ്പം മറ്റൊരാൾ കൂടി അറസ്റ്റിലായതായി അധികൃതർ അറിയിച്ചതായി ടൈംസ് ഒഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ എത്തിയ ശിവകുമാർ പ്രസാദിന് യാത്രക്കാരൻ നിന്നും 500 ഗ്രാം സ്വർണം കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. പിടിയിലാകുമ്പോൾ ഇവർ സ്വർണം കൈമാറുകയായിരുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രസാദിന് എയർപോർട്ട് പരിസരത്തേക്ക് പ്രവേശനം അനുവദിക്കുന്ന എയറോഡ്രോം എൻട്രി പെർമിറ്റ് കാർഡ് ഉണ്ട്. ഈ സൗകര്യം ഉപയോഗിച്ചാണ് ഇയാൾ വിമാനത്താവളത്തിൽ പ്രവേശിച്ചത്. കേസ് അന്വേഷണം തുടരുകയാണെന്ന് കസ്റ്റംസ് അറിയിച്ചു.
മുൻ സ്റ്റാഫ് അംഗത്തിൻ്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ പറഞ്ഞു. ശിവകുമാർ പ്രസാദ് തൻ്റെ പഴയ സ്റ്റാഫാണ്. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്ട്ട് ടൈം സ്റ്റാഫായി തല്ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. തെറ്റായ പ്രവൃത്തിയെ അംഗീകരിക്കുന്നില്ല. കേസ് അന്വേഷണത്തിലും തുടർ നടപടികൾക്കും കസ്റ്റംസിന് പിന്തുണ നൽകും.
72കാരനായ ശിവകുമാർ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയത്. ധർമശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നതെന്നും തരൂർ എക്സിലൂടെ വ്യക്തമാക്കി. മുൻ കേന്ദ്രമന്ത്രി കൂടിയായ ശശി തരൂർ നിലവിൽ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സിറ്റിങ് എംപിയാണ്.
സ്വർണക്കടത്ത് ഇടപാടിൽ ശശി തരൂരിൻ്റെ മുൻ പേഴ്സണൽ അസിസ്റ്റൻ്റ് അറസ്റ്റിലായ സാഹചര്യത്തിൽ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തുവന്നു. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായി, ഇപ്പോൾ കോൺഗ്രസ് എം പിയുടെ സഹായി അറസ്റ്റിലായിരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.