ഗുരുവായൂർ: 14 വർഷക്കാലത്തോളം നിർമ്മാണം മുടങ്ങി കിടന്ന പാഞ്ചജന്യം അനക്സിൻ്റെ നിർമ്മാണ പ്രവൃത്തികൾ 31.05.2024 മുതൽ പുനരാരംഭിക്കുകയാണ്. ഭക്തജനങ്ങൾക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യമൊരുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് തെക്കെനടയിൽ പാഞ്ചജന്യത്തിന് സമീപത്തായി പാഞ്ചജന്യം അനക്സിൻ്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചത്.
എന്നാൽ കരാറുകാരൻ പാതിവഴിയിൽ നിർമ്മാണ പ്രവൃത്തി ഉപേക്ഷിച്ചു പോകുകയാണ് ഉണ്ടായത്. പിന്നീട് മാറി മാറി വന്ന ദേവസ്വം ഭരണസമിതികൾ ശ്രമങ്ങൾ നടത്തിയെങ്കിലും പാഞ്ചജന്യം അനക്സിൻ്റെ നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിക്കുവാൻ സാധിച്ചിരുന്നില്ല.
എന്നാൽ ചെയർമാൻ ഡോ.വി.കെ.വിജയൻ്റെ നേത്യത്വത്തിലുള്ള ഭരണസമിതിയുടെയും, അഡ്മിനിസ്ട്രേറ്റർ ശ്രീ.കെ.പി.വിനയൻ്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും, ധൈര്യപൂർവ്വവും ആത്മമാർത്ഥവുമായ ഇടപ്പെടലിലൂടെയും ആണ് പാഞ്ചജന്യം അനക്സിൻ്റെ നിർമ്മാണം പുനരാരംഭിക്കുക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സാധിച്ചത്.
ദേവസ്വം മരാമത്ത് വിഭാഗം ഒരേ മനസ്സോടെ ഭരണസമിതിക്കൊപ്പം ചേർന്നു നിന്നു. കെട്ടിടത്തിന് ഉണ്ടായ Structural Failure പരിഹരിക്കുന്നതിനായി ത്യശ്ശൂർ ഗവൺമെൻ്റ് എഞ്ചിനിയറിംഗ് കോളേജിലെ സിവിൽ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷം അവർ നിർദ്ദേശിച്ച Structural Stability പ്രവൃത്തികൾ ഉൾപ്പെടുത്തിയാണ് പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്.
5.53 കോടി രൂപ എസ്റ്റിമേറ്റ് തുക വരുന്ന ഈ പ്രവ്യത്തി മൂപ്പൻ ആസ്ടെക്ക് കോൺട്രാക്ടിങ് എൽ എൽ പി എന്ന സ്ഥാപനം ഏറ്റെടുത്തിട്ടുള്ളതാണ്. ഒരു വർഷമാണ് പ്രവൃത്തിയുടെ കാലാവധി. 52 എണ്ണം ടു ബെഡ് മുറികളും, 20 പേരുടെ ഡോർമിറ്റോറി സൗകര്യം, ഗ്രൗണ്ട് ഫ്ലോറിൽ 8 ഷോപ്പ് മുറികൾ, ലിഫ്റ്റ് സംവിധാനം എന്നിവയൊക്കെയാണ് ഈ കെട്ടിടത്തിൽ ഉള്ളത്.
പാഞ്ചജന്യം അനക്സിൻ്റെ നിർമ്മാണം പൂർത്തി യാവുന്നതോടു കൂടി ഗുരുവായൂരിൽ എത്തുന്ന ഭക്തജനങ്ങൾക്ക് താമസ സൗകര്യത്തിനുണ്ടായ ബുദ്ധിമുട്ടുകൾ കുറയുന്നതായിരിക്കും.