ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ജാമ്യാപേക്ഷയിൽ പെട്ടെന്ന് വാദം കേൾക്കണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ സ്വീകരിക്കാൻ സുപ്രീം കോടതി രജിസ്ട്രി വിസമ്മതിച്ചു. അപേക്ഷ അടിയന്തരമായി പരിഗണിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതോടെ ജൂൺ രണ്ടിന് തന്നെ കെജ്‌രിവാളിന് തിഹാർ ജയിലിലേക്ക് തിരിച്ച മടങ്ങേണ്ടി വരും.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് കഴിഞ്ഞ മാസം കെജ്‌രിവാളിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വോട്ടെടുപ്പിന് ശേഷം ജൂൺ രണ്ടിന് ജയിലിലേക്ക് മടങ്ങാനും ആയിരുന്നു നിർദ്ദേശം. ഇതിനിടയിലാണ് ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏഴ് ദിവസത്തേക്ക് കൂടി ജാമ്യം നീട്ടണമെന്ന ആശയവുമായി കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.
തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് സമയം ആവശ്യമാണെന്ന് ഉന്നയിച്ചാണ് ജാമ്യപേക്ഷ നൽകിയത്. എന്നാൽ ജയിലിൽ വച്ച് മുഖ്യമന്ത്രി ഭാരം കുറയുന്നതിനും പ്രമേഹം പിടിപെടുന്നതിനുമുള്ള ഭക്ഷണങ്ങൾ മനഃപൂർവ്വം കഴിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിരുന്നു.