ചെന്നൈ: തമിഴ്‌നാട്ടിലെ സർവകലാശാലകളുടെ പാഠ്യപദ്ധതിയിൽ നിന്നും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തെ പൂർണമായും ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആർ എൻ രവി. സംസ്ഥാനത്തെ സർവകലാശാലകളിലെ ചിരിത്രം, പൊളിറ്റിക്കൽ സയൻസ് കോഴ്‌സുകളുടെ സിലബസ് കണ്ടപ്പോൾ അവിശ്വസനീയമായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രം മാത്രമാണ് വിദ്യാർത്ഥികൾക്ക് എല്ലാ സെമസ്റ്ററുകളിലും പഠിക്കുവാനുള്ളതെന്നും സർവകലാശാല വൈസ് ചാൻസലർമാരുടെ ദ്വിദിന കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
“ദ്രാവിഡ പ്രസ്ഥാനത്തിന്റെ ചരിത്രം ഞങ്ങളുടെ ജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. അത് ചരിത്രത്തിന്റെ ഭാഗമാകേണ്ടതുമാണ്. എന്നാൽ അത് മാത്രമാണ് ചരിത്രം എന്ന ധാരണ തെറ്റാണ്,” അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ് ഭരണം തമിഴ്‌നാടിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയഘടനയിൽ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും പാഠ്യപദ്ധതിയുടെ ഭാഗമായിട്ടില്ല. പത്തോൻപതാം നൂറ്റാണ്ടിൽ ആയിരക്കണക്കിന് ആളുകളെ മലേഷ്യ, സിംഗപ്പൂർ, ഫിജി എന്നിവിടങ്ങളിലേക്ക് നിർബന്ധിത തൊഴിലാളികളായി പിടിച്ചുകൊണ്ട് പോയിട്ടുണ്ട്. അവരെ അവിടത്തെ ഭൂപ്രഭുക്കന്മാർക്ക് അടിമകളായി വിറ്റു. ഇതൊന്നും ചരിത്രത്തിന്റെ ഭാഗമാക്കിയിട്ടില്ല. നിരവധി സാമൂഹിക രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ സമരം നടന്നിട്ടുണ്ട്. എന്നാൽ അതൊന്നും സംസ്ഥാനത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടില്ലെന്നും ഗവർണർ വിമർശിച്ചു.
തമിഴ്‌നാടിന്റെ മഹത്തരമായ ചരിതം സിലബസുകളിൽ ഇല്ലെന്നും അതെല്ലാം മായ്ചുകളയുന്നത് നമ്മുടെ നാടിന് വേണ്ടി ജീവത്യാഗം ചെയ്തവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ നാടിന്റെയും ആളുകളുടെയും ചരിത്രം വളച്ചൊടിക്കപ്പെട്ടിരിക്കുന്നുവെന്നും ഇത് പുനരവലോകനം ചെയ്യപ്പെടണമെന്നും അദ്ദേഹം വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് ഭാരതത്തിന്റെ ഭാഗമല്ലെന്നും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലെന്നുമുള്ള നിലപാട് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.