ഹൈദരാബാദ്: കുട്ടികളെ കടത്തുന്ന അന്തർസംസ്ഥാന സംഘം തെലങ്കാനയിൽ പിടിയിലായി. ഇവരിൽ നിന്നും 13 കുഞ്ഞുങ്ങളെ പൊലീസ് രക്ഷപെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് മെയ് 22 ന് നടത്തിയ ഓപ്പറേഷനിൽ സംഘത്തിലെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രചകൊണ്ട പൊലീസ് കമ്മീഷണർ തരുൺ ജോഷി പറഞ്ഞു.
ഇവർക്ക് കുട്ടികളെ എത്തിച്ച് നൽകിയിരുന്നത് ഡൽഹി, പൂനെ സ്വദേശികളായ മൂന്ന് പേരാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ അൻപതോളം കുട്ടികളെ ഇവർക്ക് എത്തിച്ച് നൽകിയതായാണ് വിവരം. ഈ കുഞ്ഞുങ്ങളെ റാക്കറ്റിലെ അംഗങ്ങൾ കുട്ടികളില്ലാത്ത ദമ്പതികൾക്ക് ഏജന്റുമാർ മുഖേന വിറ്റിരുന്നു. ഒരു കുഞ്ഞിന് 1 .80 ലക്ഷം മുതൽ 5 .50 ലക്ഷം വരെയാണ് ഇവർ വാങ്ങിയിരുന്നത്.
9 പെൺകുഞ്ഞുങ്ങളും 4 ആൺകുഞ്ഞുങ്ങളുമുൾപ്പെടെ 13 പേരെയാണ് പ്രതികളിൽ നിന്നും രക്ഷപെടുത്തിയത്. കുഞ്ഞുങ്ങളെല്ലാം ഒരു മാസം മുതൽ 2 വയസുവരെ പ്രായമുള്ളവരാണ്. ശിശുക്ഷേമ സമിതികളും പൊലീസും ചേർന്നാണ് കുട്ടികളെ റാക്കറ്റിന്റെ പിടിയിൽ നിന്നും മോചിപ്പിച്ചത്.