ന്യൂഡൽഹി : ഡൽഹിയെ വിറപ്പിച്ചിരുന്ന വനിതാ ഗുണ്ടാ നേതാവ് കൈലി തൻവർ അറസ്റ്റിൽ. പൊലീസിന് ലഭിച്ച രഹസ്യ വിവരം അനുസരിച്ച് ഡൽഹിയിലെ ഫത്തേപൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. തലയ്ക്ക് 25, 000 രൂപ വിലയിട്ട ഗുണ്ടാ നേതാവായിരുന്നു 22 കാരിയായ കൈലി തൻവർ.
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലാ സ്വദേശിനിയാണ്. കരംവീർ കാലാ ഗ്യാങ്ങിലും ദീപക് അഗ്രോള ഗ്യാങ്ങിലും സജീവ സാന്നിധ്യമാണ് ലേഡി ഡോൺ എന്നാണ് പൊലീസ് നൽകുന്ന വിവരം. ഗാസിയാബാദിലെ ലോണി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതിയാണിവർ.
ചോദ്യം ചെയ്യലിൽ കൊലപാതകത്തിലെ പങ്ക് കൈലി സമ്മതിച്ചു. തുടർന്ന് കൈലിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഗുണ്ടാസംഘങ്ങൾ തമ്മിലുളള പകയെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും ഇവർ പറഞ്ഞു.