ദിലീപ് വിഷയത്തിൽ താൻ എടുത്ത നിലപാടിനെപ്പറ്റി മനസ്സ് തുറന്ന് നടൻ സിദ്ദിഖ്. ദിലീപിനൊപ്പം നിൽക്കണം എന്നത് തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നും കുറ്റം തെളിയുന്നത് വരെ ദിലീപ് നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിദ്ദിഖ് വ്യക്തമാക്കി.
“വ്യക്തിപരമായ നിലപാടാണ് ഞാൻ എടുത്തത്. എവിടാണ് സത്യം എന്നത് എനിക്ക് തോന്നിയിടത്ത് ഞാൻ നിന്നു. ഒരുപാട് ക്രിമിനൽ പശ്ചാത്തലമുള്ള, ക്രിമിനൽ കേസിൽ പങ്കാളിയായ ഒരാൾ പറയുന്ന വാക്കിനേക്കാളും എന്റെ സുഹൃത്ത് പറയുന്നതാണ് എനിക്ക് വിശ്വാസം. ഒരു ക്രിമിനൽ പശ്ചാത്തലവും ഇല്ലാത്ത, ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്ത ഒരാൾ പറയുന്ന വാക്കിനാണ് ഞാൻ വില കൊടുക്കുന്നത്”.
“ഒരു ക്രിമിനൽ പറയുന്നതാണ് സത്യം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കുറ്റം തെളിയുന്നത് വരെ ദിലീപ് ആരോപിതൻ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു. എല്ലാവരും അങ്ങനെ തന്നെയല്ലേ. ദിലീപ് ഇപ്പോൾ കുറ്റാരോപിതൻ മാത്രമാണ്. കുറ്റം തെളിയിച്ചിട്ടില്ല, ശിക്ഷ വിധിച്ചിട്ടില്ല. ശിക്ഷ വിധിക്കുന്നത് വരെ എന്റെ വിശ്വാസം ഇതാണെന്ന് എനിക്ക് പറയാം”- സിദ്ദിഖ് പറഞ്ഞു.