ഐസ്വാൾ: മിസോറാം തലസ്ഥാനമായ ഐസ്വാളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പതിനഞ്ച് പേർ മരിച്ചു. ഇതിൽ 11 പേർ കരിങ്കൽ ക്വാറി തകർന്നാണ് മരിച്ചത്. സംസ്ഥാനത്ത് വീശിയടിച്ച കൊടുങ്കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപയും മിസോറാം സർക്കാർ അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അവശ്യ സേവനങ്ങൾ നൽകുന്ന സർക്കാർ ഓഫീസുകൾ ഒഴികെയുള്ളവ അടച്ചിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.
റെമാൽ ചുഴലിക്കാറ്റിന്റെ തുടർച്ചയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെമാൽ ചുഴലിക്കാറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പലയിടത്തും കൊടുങ്കാറ്റിന് കാരണമായി. വൻ മരങ്ങൾ കടപുഴകി വിണതിനാൽ പലയിടത്തും റോഡ് ഗതാഗതം താറുമാറാണ്.