ന്യൂഡൽഹി : ബോളിവുഡിലെ വിവിധ കലാകാരന്മാരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അവരുടെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ ആരേയും വേർതിരിച്ചുകണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. IANSന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്. ആഗോളഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്താൻ കെൽപ്പുള്ളതാണ് ഇന്ത്യൻ സിനിമകളെന്നും അതിനെ മൂലധനമാക്കിമാറ്റാൻ താത്പര്യപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തിപ്പെട്ടതിന് ശേഷം 2015-16 കാലഘട്ടത്തിൽ നിരവധി വർക്ക്-ഷോപ്പുകളിൽ പങ്കെടുത്തിട്ടുണ്ട്. സ്റ്റാർട്ട് അപ്പ് നടത്തുന്നവർ, കായികതാരങ്ങൾ എന്നിവരുമായി പലതവണ സംസാരിച്ചു. അതുമാത്രമല്ല, സിനിമാ മേഖലയിൽ നിന്നുള്ളവരുമായും ചർച്ചകൾ നടത്തിയിട്ടുണ്ട്.
സിനിമാ സംഘടനകളിലെ അംഗങ്ങളിൽ പലരും പ്രത്യയശാസ്ത്രപരമായി വേറിട്ട് ചിന്തിക്കുന്നവരാണെന്നും അവരുടെ ചിന്താഗതികൾ തന്റേതിൽ നിന്ന്, തന്റെ പാർട്ടിയിൽ നിന്ന് വ്യത്യസ്തമാണെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് അവരുമായി ചർച്ചകൾ നടത്തിയത്. കാരണം ഇന്ത്യൻ സിനിമയിലൂടെ ലോകത്തെ ഉയർന്നുവരുന്ന ഏറ്റവും വലിയ ശക്തിയാക്കാൻ ഈ രാജ്യത്തിന് സാധിക്കുമെന്ന് ഉറച്ചുവിശ്വസിക്കുന്നു. ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ സിനിമാ സംഘടനകളിലെ അംഗങ്ങളുമായി സംവദിക്കുക എന്നതും അവരുടെ പ്രശ്നങ്ങൾ മനസിലാക്കുക എന്നതും എന്റെ ഉത്തരവാദിത്വമാണ്.
തമിഴ്, തെലുങ്ക് സിനിമകൾക്ക് ലോകമെമ്പാടുനിന്നും ലാഭമുണ്ടാക്കാൻ കഴിയുമെങ്കിൽ, ആഗോളവിപണിയിൽ നേട്ടമുണ്ടാക്കാൻ ബോളിവുഡിന് കഴിയുമെങ്കിൽ, സിനിമയെന്ന മാദ്ധ്യമത്തെ മൂലധനവത്കരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.