ഗുരുവായൂർ: കേരളത്തിലെ വൈക്കം, ഗുരുവായൂർ സത്യാഗ്രഹ സമരങ്ങളുടെ മഹത്ത്വം കോൺഗ്രസിൽ നിന്ന് തട്ടിയെടുത്ത് പുതിയ ചരിത്രം സൃഷ്ടിക്കാനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്ന് ശശി തരൂർ എം.പി. വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ മലബാർ നവോത്ഥാന ജാഥയ്ക്ക് ഗുരുവായൂരിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യാഗ്രഹങ്ങൾ നടന്നിരുന്ന കാലത്ത് ഈ പാർട്ടികളൊന്നും ജനിച്ചിട്ടേയില്ലെന്ന് സി.പി. എമ്മിന്റെ പേരെടുത്തുപറയാതെ അദ്ദേഹം വിമർശിച്ചു. ടി. കെ. മാധവന്റെയും കെ.പി കേശവമേനോന്റെയും കേളപ്പജിയുടെയുമൊക്കെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടിയാണ് സത്യാഗ്രഹ സമരങ്ങളെല്ലാം നയിച്ചത്. പിന്നെ മറ്റ് പാർട്ടികൾക്ക് ഇതിൽ എങ്ങനെ അവകാശവാദം ഉന്നയിക്കാനാകും? സമാധാനപൂർണമായ സമരമാണ് കോൺഗ്രസ് നടത്തേണ്ടതെന്ന് അന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്. ഇന്നും അതേ പാതയിൽത്തന്നെയാണ് കോൺഗ്രസ്.
ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന അന്യായത്തിലുടെയാണ് രാജ്യം ഇന്ന് കടന്നു പോകുന്നത്. ഒരു തിരഞ്ഞടുപ്പു പ്രസംഗത്തിന്റെ പേരിൽ മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത ശിക്ഷാവിധിയാണ് രാഹുൽ ഗാന്ധിക്കുനേരെ നടപ്പാക്കിയത്. ഈ അന്യായങ്ങളൊന്നും വെച്ചു പൊറുപ്പിക്കാനാകില്ല. ജനാധിപത്യത്തെ ഹനിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണിത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഇതിന് കനത്ത വില നൽകേണ്ടി വരും – ശശി തരൂർ പറഞ്ഞു.
രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ തിരുവനന്തപുരത്ത് സമാധാനപരമായി സമരം നടത്തിയ യൂത്ത് കോൺഗ്രസുകാരെ അടിച്ചൊതുക്കിയ പോലീസുകാരെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
സത്യാഗ്രഹ നായകന്മാരായ കെ.പി. കേശവമേനോന്റെയും കെ. കേളപ്പന്റെയും ഛായാചിത്രങ്ങൾ വഹിച്ചുകൊണ്ട് ടി. സിദ്ധിഖ് എം.എൽ.എ. നയിക്കുന്ന ജാഥ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഗുരുവായൂരിലെത്തിയത്.
ഗുരുവായൂർ സത്യാഗ്രഹ നായകനായിരുന്ന പി കൃഷ്ണപ്പിള്ളയുടെ സ്മാരക വേദിയിലായിരുന്നു സ്വീകരണ സമ്മേളനം. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായി. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപൻ ആമുഖപ്രഭാഷണം നടത്തി. സനീഷ് കുമാർ ജോസഫ് എം.എൽ.എ., കെ.എ. തുളസി, സോണി സെബാസ്റ്റ്യൻ, പി.എ. മാധവൻ, ജോസഫ് ചാലിശ്ശേ രി, എം.പി. വിൻസെന്റ് തുടങ്ങിയവർ പ്രസംഗിച്ചു. ജാഥാ ക്യാപ്റ്റൻ ടി സിദ്ധിഖ് എം.എൽ.എ. സ്വീകരണത്തിന് നന്ദി പറഞ്ഞു.