തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ബസ് തടഞ്ഞ് കയർത്ത സംഭവത്തിൽ മേയറുടെ ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്ക് തിരിച്ചടി. സച്ചിൻ ദേവ് ബസിൽ കയറിയെന്ന സാക്ഷി മൊഴിയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ബസിലെ യാത്രക്കാരാണ് മൊഴി നൽകിയത്.
എംഎൽഎ ബസിൽ കയറിയത് കണ്ടക്ടർ ബസിന്റെ ട്രിപ്പ് ഷീറ്റിലും രേഖപ്പെടുത്തിയിട്ടുണ്ട്. സർവീസ് തടസപ്പെട്ടതിന്റെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനിടയിലാണ് സച്ചിൻ ദേവ് ബസിൽ കയറിയതും രേഖപ്പെടുത്തിയത്. ഇതും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബസിന്റെ ഫുട്ബോർഡിലാണ് താൻ കയറിയതെന്നും അകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നുമുള്ള എംഎൽഎയുടെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.
മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ സംഭവങ്ങൾ പൊലീസ് ഇന്ന് പുനരാവിഷ്കരിച്ചു. ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന പരാതി അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഡമ്മി പരീക്ഷണം. പട്ടം പ്ലാമൂട് മുതൽ പിഎംജി വരെയാണ് ബസും കാറുമോടിച്ച് പരിശോധന നടത്തിയത്.