ഡബ്ലിൻ : ഖത്തർ എയർവേയ്സിന്റെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ആടിയുലഞ്ഞതിനെ തുടർന്ന് 12 പേർക്ക് പരിക്ക്. ദോഹയിൽ നിന്ന് ഡബ്ലിനിലേക്ക് പോയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് ആടിയുലഞ്ഞത്. പരിക്കേറ്റവരിൽ ആറ് പേർ വിമാന ജീവനക്കാരാണ്.
QR107 എന്ന വിമാനം ദോഹയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം തുർക്കിയുടെ മുകളിലൂടെ പറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വീണ്ടെടുത്തതിന് ശേഷം ഡബ്ലിൻ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. ഉടൻ തന്നെ എയർപോർട്ട് പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽ അകപ്പെട്ട് ഒരാൾ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ സീറ്റുകളിൽ നിന്ന് തെറിച്ചുവീണിരുന്നു. ഭൂരിഭാഗം പേർക്കും നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റു. 73-കാരനായ ബ്രിട്ടീഷ് പൗരൻ അപകടസമയത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയും ചെയ്തു.