ന്യൂഡൽഹി: മൂന്ന് വർഷമായി 49-കാരിയുടെ ഇടുപ്പിൽ കുടുങ്ങിയ സൂചി നീക്കം ചെയ്ത് ഡോക്ടർമാർ. ഡൽഹി സ്വദേശി രംഭ ദേവിക്കാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്.
മൂന്ന് വർഷം മുൻപ് തയ്യൽ ജോലി ചെയ്യുന്നതിനിടെയാണ് അബന്ധത്തിൽ സൂചി ഇടുപ്പിൽ തറച്ച് കയറിയത്. തയ്യിൽ ജോലിക്കിടെ രംഭ ദേവി സൂചി കട്ടിലിൽ കുത്തി വച്ചു. ഇതിനിടെ ഓർക്കാതെ രംഭ കട്ടിലിൽ ഇരിക്കുകയായിരുന്നു. പിന്നാലെ ഒടിഞ്ഞ സൂചിയുടെ ഒരു ഭാഗം കട്ടിലിൽ കണ്ടു. ബാക്കി മറ്റെവിടെയെങ്കിലും വീണിരിക്കാമെന്ന് അവർ കരുതി.
ദിവസങ്ങൾ പിന്നിട്ടതോടെ 49-കാരിക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന അസഹനീയമായതോടെയാണ് ആശുപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടുപ്പിലെ പേശികൾക്കിടയിൽ സൂചിയുടെ ഭാഗം തറച്ചതായി കണ്ടെത്തി. സങ്കീർണത ചൂണ്ടിക്കാട്ടി മിക്ക ഡോക്ടർമാരും ശസ്ത്രക്രിയയ്‌ക്ക് വിസമ്മതിച്ചു.
സർ ഗംഗാറാം ആശുപത്രിയിലെ വിദഗ്ധരാണ് അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. നിലവിൽ രംഭ ദേവിയുടെ ആരോഗ്യം തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.