ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഇന്ത്യ കുതിപ്പ് തുടരുമെന്ന് റിപ്പോർട്ട്. ആഗോള പ്രശ്നങ്ങളിൽ ഇന്ത്യ തളരില്ലെന്നാണ് അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ്), ലോകബാങ്ക് തുടങ്ങിയവും പ്രമുഖ റേറ്റിംഗ് ഏജൻസികളും ഓരേ സ്വരത്തിൽ പറയുന്നത്.
വർദ്ധിച്ചുവരുന്ന മധ്യേഷ്യൻ സംഘർഷങ്ങൾ, സാമ്പത്തിക സമ്മർദ്ദങ്ങൾ, പണപ്പെരുപ്പം, അന്താരാഷ്‌ട്ര വിപണിയിലെ മാന്ദ്യം എന്നിവ ആഗോള വളർച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആഗോള തലത്തിൽ വൻ കടക്കെണിയാണ് നേരിടുന്നതെന്ന് ഐഎംഎഫിന്റെ ഗ്ലോബൽ ഡെബിറ്റ് മോണിറ്റർ റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലെ ജിഡിപിയുടെ 238 ശതമാനത്തിലേറെയാണ് ആഗോള കടം, അതായത് 235 ട്രില്യൺ ഡോളർ. ഇതിനിടെയിലാണ് ഇന്ത്യയെ വളർന്നുവരുന്ന മഹാശക്തിയായി അന്താരാഷ്‌ട്ര ഏജൻസികളും മുൻനിര റേറ്റിംഗ് സ്ഥാപനങ്ങളും കാണുന്നത്.
ദീർഘകാലമായി കാത്തിരുന്ന സാമ്പത്തിക ഉയർച്ചയിലൂടെയാണ് ഭാരതം മുന്നേറുന്നതെന്നാണ് ഇന്ത്യയിലെ സെൻട്രൽ ബാങ്ക് പ്രതിമാസ അവലോകന റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നത്. ഭൗമരാഷ്‌ട്രീയ വെല്ലുവിളികൾക്കിടയിലും അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ തുടരുമെന്നും റിപ്പോർട്ടിലുണ്ട്.
ഓർഗനൈസേഷൻ ഫോർ കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (OECD) 2024-ൽ 3.1 ശതമാനമായും 2025-ൽ 3.2 ശതമാനവുമാണ് ആഗോള വളർച്ച പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ ഇന്ത്യ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ട്. ചൈന 4.9 ശതമാനവും ബ്രസീൽ 1.9 ശതമാനവും വളർച്ച കൈവരിക്കും. വികസിത സമ്പദ്‌വ്യവസ്ഥകളിൽ, യുഎസ്, യുകെ, യൂറോ മേഖലകളിലെ വളർച്ച യഥാക്രമം 2.6, 0.4, 0.7 ശതമാനം മാത്രമായിരിക്കും.
അടുത്തിടെ ഐഎംഎഫും ഇന്ത്യയുടെ വളർച്ചയെ പ്രശംസിച്ചിരുന്നു. ഏപ്രിലിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്കിൽ വരും വർഷങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിക്കുന്നതിലേറെ വളർച്ച കൈവരിക്കുമെന്ന് പറയുന്നു. ഇന്ത്യയിലെ ദാരിദ്ര്യം ക്രമാതീതമായി കുറയുന്നുവെന്ന് ആർബിഐയുടെ പ്രതിമാസ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ അഭൂതപൂർവ്വമായ കാഴ്ചയാണ് കൈവരിച്ചത്. ഇന്ത്യയുടെ ഊർജ്ജ മേഖല 100 ശതമാനം വൈദ്യുതീകരണം കൈവരിച്ചു. പുനരുപയോഗ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ വലിയ രാജ്യമായി ഇന്ത്യ മാറി. ഹരിത ഹൈഡ്രജൻ ഊർജ്ജ ഗവേഷണങ്ങളും ശക്തി പ്രാപിച്ച് മുന്നേറുന്നു. മേഖലയിലെ നിക്ഷേപത്തിന് നിരവധി പദ്ധതികളാണ് കേന്ദ്രം ആവിഷ്കരിക്കുന്നത്. ഇന്ത്യയുടെ ഗതാഗത മേഖലയും അതിവേഗം വളർന്നു. 2023 ഡിസംബറിലെ കണക്കുകൾ പ്രകാരം, ഇന്ത്യയ്‌ക്ക് ഏകദേശം 66.71 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ പാതയാണ് ഭാരതത്തിന്റേത്.
ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ലോകരാജ്യങ്ങളിലേക്ക് വരെ കടൽ കടന്നെത്തിയതിന് നാം സാക്ഷ്യം വഹിച്ചു. ഫ്രാൻസ്, യുഎഇ, ശ്രീലങ്ക, മൗറീഷ്യസ് എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങൾ സാമ്പത്തിക ഇടപാടുകൾക്കായി ഇന്ത്യയുടെ യുപിഐ സ്വീകരിച്ചു. ഇതിന് പുറമേ ലോകത്തിന്റെ ഡിജിറ്റൽ പവർഹൗസായി മാറുകയാണ്. ബ്രോഡ്ബാൻഡ് കണക്ടിവിറ്റി രാജ്യത്തെ 93 ശതമാനത്തിലധികം ഗ്രാമങ്ങളിലും എത്തിച്ചു. ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ONDC) പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ ചെറുകിട ബിസിനസ്സുകളെയും പ്രോത്സാഹിപ്പിക്കുന്നു.
വ്യാപാരരംഗത്ത്, അന്താരാഷ്‌ട്ര വ്യാപാരത്തിൽ മാന്ദ്യമുണ്ടായിട്ടും ഇന്ത്യയുടെ കയറ്റുമതി 778 ബില്യൺ ഡോളറിന്റെ എക്കാലത്തെയും ഉയർന്ന കയറ്റുമതി അടയാളപ്പെടുത്തി. ആഗോളതലത്തിൽ സേവനങ്ങളുടെ കയറ്റുമതിയിൽ ഏഴാമത്തെ വലിയ രാജ്യമായും വികസ്വര രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുമാണ് നിലവിൽ ഇന്ത്യ.