മുംബൈ : മനഃപൂർവ്വം വിവാഹം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് ആൺമക്കൾ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വാഡ്ഗാവ് കോൽഹാട്ടിയിലാണ് സംഭവം. കോൽഹാട്ടി സ്വദേശിയായ സമ്പത്ത് വാഹുലിനെയാണ് മക്കൾ കൊലപ്പെടുത്തിയത്. രണ്ട് ആൺമക്കൾ ചേർന്നാണ് കൃത്യം നടത്തിയത്. സംഭവത്തിൽ മക്കളായ പ്രകാശ്, പോപാത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛൻ വിവാഹം കഴിക്കാൻ സമ്മതിക്കുന്നില്ലെന്നും അതുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും യുവാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മാസം എട്ടിനായിരുന്നു സംഭവം. മൂർച്ചയേറിയ കത്തി ഉപയോഗിച്ച് മക്കൾ അച്ഛനെ എട്ട് തവണ കുത്തുകയായിരുന്നു. നാട്ടുകാരാണ് സമ്പത്തിനെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ചത്.
മക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാഹം വൈകുന്നതിൽ ഇരുവരും ഏറെ വിഷമത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹം വൈകിയതിന് പിന്നിൽ അച്ഛനാണെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയത്.
സ്വത്തിന്റെയും വിവാഹത്തിന്റെയും പേരിലുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.