തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ അംഗീകൃത ബിരുദമില്ലാത്തവരെ നിയമിക്കാൻ നീക്കം. പത്തോളജി വകുപ്പിൽ സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് തസ്തികയിലാണ് നിയമം ലംഘിച്ച് നിയമനത്തിന് നീക്കം നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയവരെയാണ് തസ്തികയിലേക്ക് പരിഗണിക്കുന്നത്.
പ്രാക്റ്റിക്കൽ പഠനം ആവശ്യമായ സയൻസ് വിഷയങ്ങളിലുള്ള വിദൂര വിദ്യാഭ്യാസം സംസ്ഥാനത്തെ സർവ്വകലാശാലകൾ തടഞ്ഞിരുന്നു. കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകളിൽ നിന്നും തുല്യതാ സർട്ടിഫിക്കറ്റ് നേടാത്ത ഡിഗ്രി സർക്കാർ ജോലിക്കോ, ഉദ്യോഗകയറ്റത്തിനോ പരിഗണിക്കരുതെന്ന് നിയമവും നിലനിൽക്കുന്നുണ്ട്. ഇതിനിടയിലാണ് വിദൂര വിദ്യാഭ്യാസം വഴി സയൻസ് ബിരുദം നേടിയവരെ മെഡിക്കൽ കോളേജുകളിൽ നിയമിക്കുന്നത്.
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി വ്യാപകമാണ്. വിഷയം ചൂണ്ടിക്കാട്ടി സേവ് യുണിവേഴ്സിറ്റി ക്യാമ്പയിൽ കമ്മിറ്റി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി. സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാതെ സീനിയർ സയന്‍റിഫിക് അസിസ്റ്‍റന്‍റ് നിയമനം നടത്തരുതെന്ന ആവശ്യവും ശക്തമാണ്.