ഗുരുവായൂർ: ധർമ്മം എന്നത് വ്യക്തി നിഷ്ഠമാണെന്ന് അഖില ഭാരതീയ സന്ത് സമിതി ദേശീയ ജനറൽ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ സരസ്വതി പ്രസ്താവിച്ചു. സായി സഞ്ജീവനി ട്രസ്റ്റിൻ്റെ ഇരുപത്തിയഞ്ചാം വാർഷികം ട്രസ്റ്റ് അധ്യക്ഷൻ മൗനയോഗി സ്വാമി ഹരിനാരായണന്റെ ജന്മദിനാഘോഷം എന്നിവയോടനുബന്ധിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ഉത്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മത്തിൽ ഈശ്വരാരാധനയ്ക്ക് അനേകം രീതികൾ ഉണ്ട്. ഓരോ വ്യക്തിയും തനിക്ക് യോജിക്കുന്ന രീതി തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോളേജുകൾ തോറും ശാസ്ത്ര ക്ലബ്ബുകൾ ആരംഭിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് പഠനം ആയാസ രഹിതമാക്കുമെന്നും സിവിൽ അഡ്മിനിസ്ട്രേഷൻ രംഗത്ത് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മൗനയോഗി സ്വാമി ഹരിനാരായണൻ ജന്മദിന സന്ദേശത്തിൽ പറഞ്ഞു.
വനിതകൾക്ക് അമ്പത് ശതമാനം വിലക്കുറവിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നൽകുന്നതിൻ്റെ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ രേണുക ശങ്കർ നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസഹായം സിനിമാ താരം സന്തോഷ് പണ്ഡിറ്റ് നിർവ്വഹിച്ചു. അദ്ധ്യാത്മിക പ്രചരണത്തിനായുള്ള സ്പിരിച്ച്വൽ ഓൺലൈൻ പോർട്ടൽ ആയ ഗുരുവായൂർ ടൈംസിൻ്റെ ഉദ്ഘാടനം ഗുരുവായൂ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വീഡിയോ കോളിലൂടെ ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശൻ, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
രാവിലെ ഗണപതി ഹോമം, ശ്രീരുദ്രഹോമം എന്നിവയ്‌ക്ക് സ്വാമി പ്രഭാകരാനന്ദ സരസ്വതി നേതൃത്വം നൽകി. തമിഴ് നാട്ടിൽ നിന്നുള്ള സംരംഭകൻ സി എം കാമരാജിന് സായി ധർമ്മരത്ന പുരസ്ക്കാരം സമർപ്പിച്ചു. സംസ്കൃതത്തിൽ ഡോക്ടറേറ്റ് നേടിയ പത്മനാഭൻ മാസ്റ്ററെ യോഗത്തിൽ ആദരിച്ചു.
അരുൺ നമ്പ്യാർ , സബിത രഞ്ജിത്, ജയപ്രകാശ് കേശവൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സായി സ്വർഗ്ഗഭജൻമാല പ്രവർത്തകരുടെ ഭജൻ ഉണ്ടായിരുന്നു. തുടർന്ന് മഹാസന്യാസി പൂജയും നടന്നു.