ഗുരുവായൂർ: ഗുരുവായൂരിൽ താൽക്കാലിക ബസ്റ്റാൻഡ് ഒരുക്കുന്നതിന്റെ ഭാഗമായി ബസുകളുടെ പരീക്ഷണ ഓട്ടം 27ന് നടത്താൻ നഗരസഭ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലുമായി സ്റ്റാൻഡുകൾ സജ്ജമാക്കുമ്പോൾ ബസുകൾ സർവീസ് നടത്തേണ്ട രീതിയാണ് പരീക്ഷിക്കുന്നത്.
ഇതിൻെറ ഭാഗമായി ചൊവ്വല്ലൂർപടി വഴി പോകുന്ന ബസുകൾ ഔട്ടർറിംഗ് റോഡിലെ നഗരസഭ മൾട്ടിലെവൽ കാർപാർക്കിംഗിൽ നിന്ന് സർവ്വീസ് ആരംഭിച്ച് തിരിച്ച് ഔട്ടർ റിംഗ് റോഡ് പടിഞ്ഞാറെ നട കൈരളി ജംഗ്ഷൻ വഴി മൾട്ടിലെവൽ കാർപാർക്കിംഗ് കേന്ദ്രത്തിൽ തിരിച്ച് എത്തണം.
ചാവക്കാട്, കുന്നംകുളം ഭാഗത്തു നിന്നും ഗുരുവായൂരിലേക്ക് വരുന്ന ബസുകൾ മമ്മിയൂർ കൈരളി ജംഗ്ഷൻ വഴി ഇടത്തോട്ട് തിരിഞ്ഞ് ഔട്ടർ റിംഗ് റോഡിലേക്ക് പ്രവേശിച്ച് മഞ്ജുളാൽ ജംഗ്ഷൻ വഴി ഔട്ടർറിംഗ് റോഡ് ചുറ്റി പടിഞ്ഞാറെ നട മുതുവെട്ടൂർ റോഡിലെ ഗുരുവായൂർ ദേവസ്വത്തിനു കീഴിലുള്ള മായാബസ് സ്റ്റാൻ്റിൽ സർവ്വീസ് അവസാനിപ്പിക്കും. കെ.എസ്.ആർ.ടി.സി ബസുകൾ ഡിപ്പോയിൽ നിന്ന് കൈരളി ജംഗ്ഷൻ വഴി ഔട്ടർറിംഗ് റോഡ് ചുറ്റി സർവ്വീസ് നടത്തും. യോഗത്തിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.