തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടൻ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്
ഇക്കാര്യം പലതലങ്ങളിൽ നിന്ന് കേട്ടെന്നും എന്നാൽ തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. നല്ല കാര്യങ്ങൾ ബിജെപി എനിക്ക് വേണ്ടി ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാർട്ടിയിൽ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ ബിശ്വഭൂഷണ ഹരിചന്ദനാണ് ഛത്തീസ്ഗഢ് ഗവർണർ. ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടർന്ന് അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ബിജെപി പ്രവേശനത്തിന് നേതൃത്വം പത്മജയ്ക്ക് വാഗ്ദാനങ്ങൾ നൽകിയെന്ന് സൂചനയുണ്ടായിരുന്നു. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് പത്മജ എത്തിയത് പാർട്ടിക്ക് ഗുണം ചെയ്‌തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണത്തിൽ അടക്കം പത്മജ സജീവമായിരുന്നു.കോൺഗ്രസ് പാർട്ടിയിലെ ചവിട്ടും കുത്തും സഹിക്കവയ്യാതെയാണ് പാർട്ടി വിട്ടതെന്നാണ് പത്മജ പറഞ്ഞത്. എന്തുകൊണ്ട് ബി.ജെ.പി എന്ന് ചോദിക്കുന്നവരോട് ഒറ്റയുത്തരം മാത്രമാണ് പറയാനുള്ളത് അത് മോദിജി എന്നാണ്. മോദിജിക്ക് കുടുംബം ഭാരതമാണ്. ഇവിടത്തെ കുട്ടികൾ അദ്ദേഹത്തിന്റെ മക്കളാണെന്നും പത്മജ പറഞ്ഞിരുന്നു. അച്ഛൻകുട്ടിയായി കരുണാകരന്റെ വാത്സല്യം കേട്ടുവളർന്ന എനിക്ക് ഒരു അച്ഛന്റെ തണലും സംരക്ഷണവും കിട്ടിയത് പോലെയാണ് ബിജെപിയിൽ ചേർന്നപ്പോൾ തോന്നുന്നതെന്നും പത്മജ പറഞ്ഞിരുന്നു.
പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവർണർ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും; തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം
- Advertisement -[the_ad id="14637"]