തിരുവനന്തപുരം∙ കെഎസ്ആർടിസി ബസിന്റെ വളയം പിടിച്ച് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാർ. പുതുതായി നിരത്തിലിറക്കിയ എസി പ്രീമിയം ബസാണ് മന്ത്രി സെക്രട്ടേറിയറ്റ് മുതൽ തമ്പാനൂർവരെ ഓടിച്ചത്. എസി ബസിന് നിരക്ക് കുറവാണെന്നും എക്സ്പ്രസിന് താഴെയും സൂപ്പർ ഫാസ്റ്റിന് മുകളിലുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. വണ്ടിയിൽ വൈഫൈ നൽകാൻ ഉദ്ദേശിക്കുന്നുണ്ട്. നിശ്ചിത അളവ് ഇന്റർനെറ്റ് സൗജന്യമായി നൽകാനാണ് ആലോചിക്കുന്നത്.
ബസിലെ എസിക്ക് എന്തെങ്കിലും തകരാർ വന്നാൽ ജനൽ തുറക്കാൻ കഴിയും. ബസിൽ ക്യാമറയുണ്ടാകും. ലഘുഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യമുണ്ടാകും. സീറ്റ് നിറഞ്ഞാൽ പിന്നെ മറ്റു സ്റ്റാൻഡുകളിൽ നിർത്താതെ വേഗത്തിൽ പോകാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണമെന്ന് മന്ത്രി പറഞ്ഞു.
കാറിൽ പോകുന്നതുപോലെ വേഗത്തിൽ പോകാൻ കഴിയും. ബസ് സ്റ്റേഷനുകളിൽ വെറുതേ കയറി ഇറങ്ങുന്നത് ജനത്തിന് ബുദ്ധിമുട്ടാണ്. 20 രൂപ അധികം നൽകി റിസർവ് ചെയ്താൽ വഴിയിൽനിന്ന് കയറാനാകും. സ്റ്റാൻഡിലേക്ക് പോകേണ്ടതില്ല. ഓണസമ്മാനമായി എസി ബസ് നിരത്തിലിറക്കും. ഗ്രാമ പ്രദേശങ്ങളിൽ സർവീസ് നടത്താനായി കൂടുതൽ ചെറിയ ബസുകൾ വാങ്ങും. തിരക്കുള്ള സമയങ്ങളിൽ കൂടുതൽ വണ്ടി വിടും. തിരക്കില്ലാത്തപ്പോൾ സർവീസുകളുടെ എണ്ണം കുറയ്ക്കും.
കടം വാങ്ങാതെ പരമാവധി ബസുകൾ വാങ്ങാനാണ് ആലോചിക്കുന്നത്. കെഎസ്ആർടിസിക്ക് പണി തീരാതെ കിടക്കുന്ന കെട്ടിടങ്ങളുണ്ട്. കടകൾ വാടകയ്ക്ക് കൊടുക്കാനുണ്ട്. ഇതെല്ലാം ഫലപ്രദമായി ഉപയോഗിച്ച് വരുമാനം വർധിപ്പിക്കും. സ്പെയർപാർട്സ് ആവശ്യത്തിന് ലഭ്യമാണ്. 600ൽ താഴെ വണ്ടികൾ മാത്രമാണ് തകരാറായി ഉള്ളത്. വണ്ടികൾ വേഗത്തിൽ അറ്റകുറ്റപ്പണി കഴിഞ്ഞ് പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിന്റെ മിനിമം നിരക്ക് 40 രൂപയായിരിക്കും. എസി സീറ്ററിന്റെ മിനിമം നിരക്ക് 60 രൂപയും സാധാരണ സൂപ്പർ ഫാസ്റ്റിന്റെ നിരക്ക് 22 രൂപയുമാണ്. എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസിൽ 40 സീറ്റുകളുണ്ട്. എസി പ്രീമിയം സൂപ്പർ ഫാസ്റ്റ് പുലർച്ചെ 5.30ന് തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച് 11.05ന് എറണാകുളത്തെത്തും. 2 മണിക്ക് എറണാകുളത്തുനിന്ന് തിരിച്ച് കോട്ടയം വഴി 10.35ന് തമ്പാനൂരിൽ എത്തിചേരും. ബസിന് 21 സ്റ്റോപ്പുകളുണ്ടാകും. ബസിൽ 35 പുഷ്ബാക്ക് സീറ്റുകളും ഓരോ സീറ്റിനും സീറ്റ് ബെൽറ്റും ഫുട് റെസ്റ്റും ചാർജിങ് പോർട്ടുകളും ഉണ്ടാകും.
നിരക്കുകൾ ഇങ്ങനെ:
തിരുവനന്തപുരം–വെഞ്ഞാറമൂട് – 60 രൂപ
തിരുവനന്തപുരം–കൊട്ടാരക്കര – 120 രൂപ
തിരുവനന്തപുരം–അടൂർ – 150രൂപ
തിരുവനന്തപുരം–ചെങ്ങന്നൂർ – 190 രൂപ
തിരുവനന്തപുരം–തിരുവല്ല – 210 രൂപ
തിരുവനന്തപുരം–കോട്ടയം – 240 രൂപ
തിരുവനന്തപുരം–തൃപ്പൂണിത്തുറ – 330 രൂപ
തിരുവനന്തപുരം–എറണാകുളം – 350 രൂപ