ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചു നടക്കുന്ന വിവാഹങ്ങൾ ഗുരുവായൂർ നഗരസഭയിൽ പോകാതെ ക്ഷേത്ര നടയിൽ വച്ചു തന്നെ വിവാഹം രജിസ്ട്രേഷൻ നടത്താനുള്ള സംവിധാനം നിലവിൽ വരുന്നു.
വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭ കൗൺസിലിൽ നടന്ന യോഗത്തിലാണ് ക്ഷേത്രനടയിൽ വിവാഹ രജിസ്ട്രേഷൻ നടത്താൽ ക്ഷേത്രം കിഴക്കേ നടയിൽ പ്രത്യേക കൗണ്ടർ ആരംഭിക്കാൻ തീരുമാനമായത്. ഇതോടെ ക്ഷേത്രനടയിൽ നടത്തുന്ന വിവാഹങ്ങൾ ക്ഷേത്രനടയിൽ തന്നെ രജിസ്റ്റർ ചെയ്യാനാകും. ഇതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി നഗരസഭാ 18 ലക്ഷം രൂപ അനുവദിച്ചു.
യോഗത്തിനു ശേഷം ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സെക്രട്ടറി അഭിലാഷ് കുമാർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എക്സിക്യൂട്ടീവ് എൻജിനീയർ എം.കെ. അശോക് കുമാർ എന്നിവർ സ്ഥലം സന്ദർശിച്ച് ചർച്ച നടത്തി.
ക്ഷേത്ര നടപ്പുരയിലുള്ള കല്യാണ മണ്ഡപങ്ങൾക്കു സമീപമുള്ള വൈജയന്തി കെട്ടിടത്തിലാണ് 900 ചതുരശ്രയടിയിൽ കൗണ്ടർ പണിയുന്നത്. നഗരസഭയുടെ ലോഗോ വെച്ചുള്ള കമാനത്തോടൊപ്പം, രജിസ്ട്രാർക്ക് പ്രത്യേകം ക്യാബിൻ, മുഴുവനായും ശീതീകരിച്ച കൗണ്ടറിൽ വധൂവരൻമാർക്കും കൂടെയുള്ളവർക്കും ഇരിക്കാൻ സൗകര്യം, ശൗചാലയ സൗകര്യം, കുടിവെള്ളം. എന്നിവ ഉണ്ടായിരിക്കും. ഇപ്പോൾ വധൂവരൻമാർ വിവാഹത്തിനു ശേഷം വിവാഹ വേഷത്തിൽ നഗരസഭാ ഓഫീസിൽ വിവാഹ സർട്ടിഫിക്കറ്റിനായി ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്.