ഗുരുവായൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്‍റെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയില്‍ 2023-24 വര്‍ഷത്തില്‍ ഗുരുവായൂര്‍ നഗരസഭ തൃശ്ശൂര്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വര്‍ഷവും പ്രസ്തുത പദ്ധതിയില്‍ ഗുരുവായൂര്‍ നഗരസഭ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍ 131 സംരംഭങ്ങള്‍ ആരംഭിക്കുക എന്നതായിരുന്നു ഗുരുവായൂരിന് അനുവദിച്ച ലക്ഷ്യം. എന്നാല്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ 165 യൂണിറ്റുകള്‍ ആരംഭിക്കുകയുണ്ടായി. 125.95% ലക്ഷ്യം കൈവരിച്ച നഗരസഭയില്‍ 47.94 കോടി രൂപ നിക്ഷേപവും 488 പേര്‍ക്ക് തൊഴിലും ലഭിക്കുകയുണ്ടായി.
പ്രസ്തുത 165 സംരംഭങ്ങളില്‍ 57 എണ്ണം അഗ്രോ ഫുഡ് മേഖലയിലും, 14 എണ്ണം ഗാര്‍മെന്‍റ്സ് & ടൈലറിങ്ങ് മേഖലയിലും ശേഷിക്കുന്ന 78 സംരംഭങ്ങള്‍ സര്‍വ്വീസ് മേഖലയിലുമാണ്.
നഗരസഭയിലെ വിവിധ വകുപ്പുകളുടെ ഏകോപനപരമായ പ്രവര്‍ത്തി മൂലമാണ് ഉയര്‍ന്ന ലക്ഷ്യം കൈവരിക്കാനായത്. വ്യവസായ വികസന ഓഫീസര്‍ വി സി ബിന്നി, എന്‍റര്‍പ്രൈസസ് ഡവലപ്പ്മെന്‍റ് എക്സിക്യൂട്ടിവ് വി എസ് നിനവ് , എം ഗോപിക എന്നിവര്‍ ചുമതല വഹിക്കുന്നു.