ക്ഷേത്രപരിസരം, ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രികാല പരിശോധന ശക്തമാക്കും; സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമനടപടി, അശരണർക്ക് സംരക്ഷണം ഉറപ്പാക്കാനും ഡാറ്റ ശേഖരിക്കും
ഗുരുവായൂർ: ക്ഷേത്രനഗരമായ ഗുരുവായൂരിൽ സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ ‘സ്ട്രേഞ്ചർ പട്രോൾ’ പദ്ധതിക്ക് തുടക്കമായി. ഗുരുവായൂർ ക്ഷേത്രപരിസരം, ബസ് സ്റ്റാൻഡ്, പ്രധാന പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ അലഞ്ഞുതിരിയുന്ന അപരിചിതരെയും സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്നവരെയും നിരീക്ഷിക്കുന്നതിനും സാമൂഹ്യവിരുദ്ധരെ കണ്ടെത്തുന്നതിനുമാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രാത്രികാലങ്ങളിലായിരിക്കും പ്രധാനമായും ‘സ്ട്രേഞ്ചർ പട്രോൾ’ പ്രവർത്തിക്കുക. പൊതുസ്ഥലങ്ങളിൽ നിരന്തരം അലഞ്ഞുതിരിയുന്നവരിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുണ്ടോ എന്ന് പരിശോധിക്കുകയും, മോശം സ്വഭാവമുള്ളവരെയോ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരെയോ കണ്ടെത്തിയാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. അതേസമയം, സംരക്ഷണവും പരിചരണവും ആവശ്യമുള്ള അശരണരെയും പദ്ധതിയുടെ ഭാഗമായി പ്രത്യേകം പരിഗണിക്കും. Person in Need of Care വിഭാഗത്തിൽപ്പെടുന്നവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. ആവശ്യമായ ഇടപെടലുകൾക്കായി ഈ വിവരങ്ങൾ യഥാസമയം നഗരസഭാ അധികൃതർക്ക് കൈമാറാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
ക്ഷേത്രത്തിനുള്ളിലും പ്രത്യേക നിരീക്ഷണം
ഗുരുവായൂർ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ അനാവശ്യമായി ചുറ്റിത്തിരിയുന്നവരെ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായി ക്ഷേത്ര സുരക്ഷാ ജീവനക്കാരും പോലീസും ചേർന്നുള്ള പ്രത്യേക സംഘവും പ്രവർത്തിക്കും. സംശയകരമായ സാഹചര്യങ്ങളിൽ കാണപ്പെടുന്നവരെ പരിശോധിക്കുകയും ആവശ്യമായ സാഹചര്യങ്ങളിൽ ക്ഷേത്രപരിസരത്തുനിന്ന് മാറ്റിനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
എസ്ഐയുടെ നേതൃത്വത്തിൽ നാലംഗ സംഘം
‘സ്ട്രേഞ്ചർ പട്രോൾ’ നടത്തുന്നതിനായി ഒരു എസ്ഐയുടെ നേതൃത്വത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ജനമൈത്രി പോലീസിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്ന നാലംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഗുരുവായൂരിലെ വിവിധ മേഖലകളിൽ രാത്രികാല പട്രോളിംഗ് നടത്തി സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണപ്പെടുന്നവരെ നിരീക്ഷിക്കുകയാണ് സംഘത്തിന്റെ പ്രധാന ചുമതല.സാമൂഹ്യവിരുദ്ധരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം, പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്നവരെ തിരിച്ചറിയുകയും ആവശ്യമായ സാഹചര്യങ്ങളിൽ അവരെ അവിടെനിന്ന് മാറ്റുകയും ചെയ്യും. സംരക്ഷണം ആവശ്യമായ അശരണരുണ്ടെങ്കിൽ അവരെ കണ്ടെത്തി പോലീസിന് സാധ്യമായ സഹായവും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.ഗുരുവായൂരിലെത്തുന്ന തീർഥാടകരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ക്ഷേത്രനഗരത്തിലെ പൊതുസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ‘സ്ട്രേഞ്ചർ പട്രോൾ’ ആരംഭിക്കുന്നതെന്ന് എ സി പി സുരേന്ദ്രൻ മങ്ങാട്ട് പറഞ്ഞു.
പുതിയ സംവിധാനം വഴി ഗുരുവായൂരിലെ രാത്രി കാല സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം, യഥാർഥത്തിൽ സഹായവും സംരക്ഷണവും ആവശ്യമുള്ളവരെ കണ്ടെത്തി ബന്ധപ്പെട്ട സംവിധാനങ്ങളുമായി ബന്ധിപ്പിക്കാനും കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
