ശ്രീവത്സത്തിൽ സ്വീകരണം ഏറ്റുവാങ്ങി ക്ഷേത്രദർശനം; സോപാനപടിയിൽ കതളിക്കുലയും നെയ്യും സമർപ്പിച്ചു — ദർശനത്തിന് ശേഷം ഭക്തരോടൊപ്പം സെൽഫിയെടുത്തും കുശലം പറഞ്ഞും മുഖ്യമന്ത്രി
ഗുരുവായൂർ: മുഖ്യമന്ത്രി വി. ഡി. സതീശൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ആദ്യം ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയ അദ്ദേഹത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ. വി. ഗോപിനാഥും അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാലും ചേർന്ന് സ്വീകരിച്ചു.തുടർന്ന് ക്ഷേത്രത്തിലെത്തിയ മുഖ്യമന്ത്രി ഗുരുവായൂരപ്പനെ തൊഴുതു. സോപാനപടിയിൽ കതളിക്കുലയും നെയ്യും സമർപ്പിച്ച അദ്ദേഹം ക്ഷേത്രത്തിലെ കാര്യാലയ ഗണപതിയെയും തൊഴുതു. ക്ഷേത്രദർശനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ദേവസ്വം അധികൃതരും പോലീസും ചേർന്ന് ഒരുക്കിയിരുന്നു.
ദർശനം പൂർത്തിയാക്കി ക്ഷേത്രത്തിന് പുറത്തേക്ക് എത്തിയ മുഖ്യമന്ത്രിയെ കാണാൻ നിരവധി ഭക്തരാണ് ചുറ്റും കൂടിയത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രിയെ നേരിൽ കാണാനും സംസാരിക്കാനും നിവേദനങ്ങൾ സമർപ്പിക്കാനുമായി എത്തിയിരുന്നു.തിരക്കിനിടയിലും ഭക്തരെ നിരാശരാക്കാതെ അവരോട് കുശലം ചോദിച്ചും സംസാരിച്ചും മുഖ്യമന്ത്രി സമയം ചെലവഴിച്ചു. കുട്ടികൾ ഉൾപ്പെടെയുള്ളവരോടൊപ്പം സെൽഫിയെടുക്കാനും അദ്ദേഹം തയ്യാറായി. മുഖ്യമന്ത്രിയോടൊപ്പം ചിത്രമെടുക്കാനും ആശംസകൾ അറിയിക്കാനും എത്തിയവരുടെ തിരക്കാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെട്ടത്.
നിരവധി പേർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനങ്ങളും മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അവ സ്വീകരിച്ച് ആവശ്യമായ കാര്യങ്ങൾ പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം.ക്ഷേത്രദർശനത്തിന് ശേഷം മുഖ്യമന്ത്രി വീണ്ടും ശ്രീവത്സം അതിഥി മന്ദിരത്തിലെത്തി പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് ഗുരുവായൂരിൽ നിന്ന് മടങ്ങിയത്.മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി സ്ഥലത്തുണ്ടായിരുന്നു. കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രിയെ അനുഗമിച്ചു.
രാഷ്ട്രീയ തിരക്കുകൾക്കിടയിലും ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തി ദർശനം നടത്തിയ മുഖ്യമന്ത്രി, ഭക്തരുമായി സൗഹൃദം പങ്കിട്ട ശേഷമാണ് മടങ്ങിയത്. ദർശനത്തിനുശേഷം ഭക്തരോടൊപ്പം സമയം ചെലവഴിച്ച മുഖ്യമന്ത്രിയുടെ സമീപനം ക്ഷേത്രത്തിലെത്തിയവരുടെ ശ്രദ്ധയും നേടി.
