മാവേലിയും വാമനനും മുതൽ വൈവിധ്യമാർന്ന ദേവരൂപങ്ങളും മതസൗഹാർദ്ദ വേഷങ്ങളും; വാദ്യമേളം, ശിങ്കാരിമേളം, കഥകളി, കാവടി കൂട്ടങ്ങൾ എന്നിവ അണിനിരന്ന ഘോഷയാത്ര ജനമനസ്സുകൾ കീഴടക്കി
ഗുരുവായൂർ: രജതജൂബിലി നിറവിലെത്തിയ തട്ടകം ഓണാഘോഷത്തിന് വർണാഭമായ തുടക്കം. ഗുരുവായൂരിന്റെ സാംസ്കാരിക പാരമ്പര്യവും വാദ്യകലാ പെരുമയും വിളിച്ചോതിയ സാംസ്കാരിക ഘോഷയാത്ര ജനമനസ്സുകളെ കീഴടക്കി. വിവിധ കലാരൂപങ്ങളുടെയും നാടൻ വേഷങ്ങളുടെയും വാദ്യമേളങ്ങളുടെയും സംഗമമായ ഘോഷയാത്ര നഗരത്തിന് ഉത്സവച്ഛായ പകർന്നു.
മാവേലി, വാമനൻ തുടങ്ങിയ കഥാപാത്രങ്ങളോടൊപ്പം വിവിധ ദേവരൂപങ്ങളും മതസൗഹാർദ്ദം വിളിച്ചോതുന്ന വേഷങ്ങളും ഘോഷയാത്രയിൽ അണിനിരന്നു. തഴക്കം വന്ന കലാകാരന്മാരുടെ വാദ്യമേളം, വനിതകളുടെ ശിങ്കാരിമേളം, കഥകളി വേഷങ്ങൾ, കരിങ്കാളി, മൂക്കൻചാത്തൻ തുടങ്ങിയ നാടൻ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് വേറിട്ട ഭംഗിയേകി. പ്രകാശപൂരിതമായ കാവടി കൂട്ടങ്ങളും വിവിധ കലാരൂപങ്ങളും വർണവേഷങ്ങളും ഉൾപ്പെട്ടതോടെ ഘോഷയാത്ര ജനങ്ങൾക്ക് ദൃശ്യവിരുന്നായി മാറി.
നേരത്തെ രാവിലെ 10 മണിക്ക് ഷൺമുഖൻ തെച്ചിയിലിന്റെ അകമ്പടിയോടെ തട്ടകം ഓണാഘോഷത്തിന് ചെയർമാൻ ശശി വാറനാട്ട് കൊടിയേറ്റി. കൊടിയേറ്റത്തോടെ രജതജൂബിലി ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. രവികുമാർ കാഞ്ഞുള്ളി, പി. ഐ. ലാസർ, ജിഷോ പുത്തൂർ, ബാലൻ വാറനാട്ട്, പി. മുരളീധര കൈമൾ, വിനോദ് കുമാർ അകമ്പടി, സുബിത സുധീർ, സിന്ധു ശശീന്ദ്രബാബു, കെ.ടി. സഹദേവൻ, ചന്ദ്രൻ ചങ്കത്ത്, മേഴ്സി ജോയ്, ശ്രീദേവി ബാലൻ, കെ. നന്ദകുമാർ, മുരളി പൈക്കാട്ട്, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, വി. ബാലകൃഷ്ണൻ നായർ, സുലൈമാൻ, പി.എച്ച്. ആന്റോ, പി. ലാസർ തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
ഘോഷയാത്രയ്ക്ക് പിന്നാലെ ബ്രദേഴ്സ് ഗായകർ ഒരുക്കിയ ഗാനമേളയും അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതൽ വിവിധ കലാമത്സരങ്ങൾ നടക്കും. ഉച്ചയ്ക്ക് വിപുലമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 5ന് മെഗാ തിരുവാതിരയും മെഗാ ഓണപ്പാട്ടും അരങ്ങേറും. തുടർന്ന് വൈകിട്ട് 6ന് സാംസ്കാരിക സദസ്സും സമ്മാനദാനച്ചടങ്ങും നടക്കും. ഇതോടെ തട്ടകം ഓണാഘോഷത്തിന് സമാപനം കുറിക്കും.
ബ്രദേഴ്സ് ക്ലബ് തിരുവെങ്കിടത്തിന്റെ നേതൃത്വത്തിലുള്ള തട്ടകം ഓണാഘോഷ സമിതിയാണ് രജതജൂബിലി നിറവിലെത്തിയ ഓണാഘോഷ പരിപാടികൾക്ക് സാരഥ്യം വഹിക്കുന്നത്. ഗുരുവായൂരിന്റെ കലാ-സാംസ്കാരിക പാരമ്പര്യവും ജനകീയ ഐക്യവും ഉയർത്തിപ്പിടിക്കുന്ന ആഘോഷമായി തട്ടകം ഓണാഘോഷം മാറുകയാണ്.
