the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; തിരുവോണനാളിൽ കണ്ണന് ഓണപ്പുടവയും തിരുവോണം നമസ്കാരവും

ഒരു മുണ്ട് പോരാ… “രണ്ടു കയ്യിലും വേണം: ഭക്തിയുടെ അപൂർവ പാരമ്പര്യമായി ഇന്നും മുടങ്ങാതെ തുടരുന്ന മല്ലിശ്ശേരിയുടെ പുണ്യപാരമ്പര്യം!

കേരളത്തിന്റെ ദേശീയോത്സവമായ ഓണം ഗുരുവായൂർ ക്ഷേത്രസന്നിധിയിലും പാരമ്പര്യത്തിന്റെയും ഭക്തിയുടെയും നിറവിൽ ആഘോഷിക്കപ്പെടുന്നു. ചിങ്ങമാസത്തിലെ തിരുവോണനാൾ ഗുരുവായൂരപ്പന് ഏറെ വിശേഷപ്പെട്ട ദിനമാണ്. തിരുവോണം നമസ്കാരം ഉൾപ്പെടെയുള്ള പൗരാണിക ആചാരങ്ങൾക്കൊപ്പം, ഭക്തിസാന്ദ്രവും കൗതുകകരവുമായ ഓണപ്പുടവ സമർപ്പണവും ഈ സുദിനത്തിലെ പ്രധാന ചടങ്ങുകളിലൊന്നാണ്.

- Advertisement -

കേരളത്തിന്റെ ആചാരപാരമ്പര്യത്തിൽ വേറിട്ട സ്ഥാനമുള്ള ഈ ചടങ്ങിന് ഗുരുവായൂർ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ക്ഷേത്രത്തിന്റെ പൗരാണിക ഊരാളകുടുംബമായ മല്ലിശ്ശേരി മനയിലെ നമ്പൂതിരിയാണ് തിരുവോണനാളിൽ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കുന്ന പാരമ്പര്യം ഇന്നും മുടങ്ങാതെ തുടരുന്നത്.

മല്ലിശ്ശേരിയുടെ ഓണപ്പുടവ — ഒരു ഐതിഹ്യത്തിന്റെ ഓർമ്മ

ഗുരുവായൂരപ്പൻ മല്ലിശ്ശേരിയിൽനിന്ന് ചോദിച്ചുവാങ്ങിയ ഓണപ്പുടവ എന്ന വിശ്വാസത്തിന് പിന്നിൽ ഹൃദയസ്പർശിയായ ഒരു ഐതിഹ്യമുണ്ട്. ഭാഗവതോത്തമനും ഗുരുവായൂരപ്പന്റെ പരമഭക്തനും ക്ഷേത്രത്തിന്റെ ഊരാളനുമായിരുന്ന മല്ലിശ്ശേരി നമ്പൂതിരി തിരുവോണത്തിന്റെ തലേദിവസമായ ഉത്രാടനാളിൽ കുട്ടികൾക്ക് ഓണക്കോടിയായി പാവുമുണ്ട് നൽകുന്നത് പതിവായിരുന്നു. സന്താനസൗഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തോടെയായിരുന്നു ഈ സമ്പ്രദായം നിലനിന്നിരുന്നത്.

തന്റെ ഇല്ലത്ത് വലിയ ആട്ടുകട്ടിലിലിരുന്ന് നീളത്തിലുള്ള പാവുമുണ്ട് പീശാംകത്തി ഉപയോഗിച്ച് മുറിച്ച് കുട്ടികൾക്ക് നൽകുകയായിരുന്നു പതിവ്. ഒരിക്കൽ ഓണപ്പുടവ വാങ്ങാനെത്തിയ കുട്ടികളുടെ കൂട്ടത്തിൽ സുമുഖനും ചുറുചുറുക്കും കുസൃതിയും നിറഞ്ഞ ഒരു ഉണ്ണിയുമുണ്ടായിരുന്നു.മല്ലിശ്ശേരി നമ്പൂതിരി ആ കുട്ടിയുടെ വലംകൈയിൽ ഒരു പാവുമുണ്ട് വെച്ചുകൊടുത്തു. എന്നാൽ ഒരു മുണ്ട് കിട്ടിയതുകൊണ്ട് തൃപ്തനാകാതെ ഉണ്ണി മറ്റേക്കൈയിലും ഒരു മുണ്ട് വേണമെന്ന് ആവശ്യപ്പെട്ടു.

“എനിക്ക് രണ്ടു കയ്യിലും വേണം” എന്ന ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ആവശ്യം മല്ലിശ്ശേരിയുടെ ഹൃദയത്തെ സ്പർശിച്ചു. അദ്ദേഹം മറ്റൊരു പാവുമുണ്ട് കൂടി മുറിച്ച് ആ കുഞ്ഞിന്റെ ഇടതുകൈയിലും നൽകി. എന്നാൽ അവിടെയും ആ കുസൃതിക്കാരനായ ഉണ്ണി നിർത്തിയില്ല. മല്ലിശ്ശേരി മുണ്ട് മുറിച്ചിരുന്ന പീശാംകത്തിയിലേക്ക് നോക്കി കുഞ്ഞ് ചോദിച്ചു: “നിക്ക് അതും തര്വോ?”. കുഞ്ഞിന്റെ നിഷ്കളങ്കമായ ചോദ്യം മല്ലിശ്ശേരിയെ അത്ഭുതപ്പെടുത്തി. ഒടുവിൽ അദ്ദേഹം ആ പീശാംകത്തിയും കുഞ്ഞിന് നൽകി. അന്ന് രാത്രിയിൽ നടന്ന സംഭവങ്ങളെക്കുറിച്ച് മല്ലിശ്ശേരി ഏറെ നേരം ചിന്തിച്ചു. രണ്ട് കൈകളിലും ഓണപ്പുടവ ആവശ്യപ്പെട്ട ആ ഉണ്ണി ആരായിരിക്കും എന്ന ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ നിറഞ്ഞുനിന്നു.

പിറ്റേന്ന് ശ്രീകോവിലിൽ കണ്ട അത്ഭുതം

പിറ്റേന്ന് തിരുവോണസുദിനത്തിൽ മേശ്ശാന്തി ശ്രീകോവിൽ തുറന്ന് നിർമ്മാല്യദർശനത്തിനുശേഷം ഭഗവാന്റെ അലങ്കാരങ്ങൾ മാറ്റുന്നതിനിടയിൽ അത്ഭുതകരമായ കാഴ്ചയാണ് കണ്ടത്. ഗുരുവായൂരപ്പന്റെ രണ്ട് തൃക്കൈകളിലും ഓരോ ചെറിയ പാവുമുണ്ട്! മുൻദിവസം ഉച്ചപ്പൂജയിലോ അത്താഴപ്പൂജയിലോ താൻ അത്തരം പാവുമുണ്ടുകൾ ഭഗവാന്റെ കൈകളിൽ വെച്ചിട്ടില്ലെന്ന് മേശ്ശാന്തിക്ക് ഉറപ്പായിരുന്നു. മറ്റ് ഓതിക്കന്മാരോടും അന്വേഷിച്ചെങ്കിലും ആരും അത്തരമൊരു വഴിപാട് സമർപ്പിച്ചതായി അറിവുണ്ടായിരുന്നില്ല. വിവരം ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിയെ അറിയിച്ചു. അദ്ദേഹം ശ്രീലകത്തേക്ക് എത്തി. അവിടെ ഭഗവദ്വിഗ്രഹത്തിൽ കണ്ട രണ്ട് പാവുമുണ്ടുകൾ കണ്ടതോടെ തലേദിവസത്തെ സംഭവങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞുവന്നു.

തന്റെ മുന്നിലെത്തിയ ആ കുസൃതിക്കാരനായ ഉണ്ണി മറ്റൊരാളായിരുന്നില്ലെന്നും, ബാലഗോപാലനായ ഗുരുവായൂരപ്പൻ തന്നെയാണ് രണ്ട് കൈകളിലും ഓണപ്പുടവ ചോദിച്ച് വാങ്ങിയതെന്നും മല്ലിശ്ശേരി തിരിച്ചറിഞ്ഞതായി ഐതിഹ്യം പറയുന്നു. താൻ മുണ്ട് മുറിച്ചുകൊടുത്ത പീശാംകത്തി പോലും ഭഗവാന് നൽകിയതിന്റെ ഓർമ്മയും അദ്ദേഹത്തിന് വന്നു.

ഭക്തിയുടെ ആനന്ദത്തിൽ മല്ലിശ്ശേരിയുടെ കണ്ണുകൾ നിറഞ്ഞു. ഗുരുവായൂരപ്പന്റെ പാദങ്ങളിൽ അദ്ദേഹം സാഷ്ടാംഗം നമസ്കരിച്ചു. അവിടെയുണ്ടായിരുന്ന മേശ്ശാന്തിയും ക്ഷേത്രപരിചാരകരും ഭക്തജനങ്ങളും ഈ അനുഭവത്തിൽ അത്ഭുതസ്തബ്ധരായി. അന്നുമുതൽ ചിങ്ങമാസത്തിലെ തിരുവോണനാളിൽ മല്ലിശ്ശേരി മനയുടെ വകയായി രണ്ട് ഓണപ്പുടവ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പതിവ് തുടർന്നുവെന്നാണ് വിശ്വാസം.

ഇന്നും രണ്ട് തൃക്കൈകളിലും മല്ലിശ്ശേരിയുടെ ഓണപ്പുടവ

കാലം മാറിയെങ്കിലും ആ പാരമ്പര്യം ഇന്നും മുടങ്ങിയിട്ടില്ല. തിരുവോണദിവസം രാവിലെ ഉഷപ്പൂജയ്ക്കുശേഷം രണ്ട് നാക്കിലകളിലായി ഓരോ ഓണപ്പുടവ — ചെറിയ പാവുമുണ്ട് — മല്ലിശ്ശേരി മനയുടെ പ്രതിനിധി സോപാനത്തിൽ ഭക്തിപൂർവ്വം സമർപ്പിക്കുന്നു. തുടർന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കുന്നതിനുള്ള അവസരവും ലഭിക്കുന്നു.

ഗുരുവായൂർ ക്ഷേത്രത്തിലെ അപൂർവമായ ഈ ആചാരത്തിന്റെ ഭക്തിപരവും പൈതൃകപരവുമായ പ്രാധാന്യം കണക്കിലെടുത്ത്, ഭക്തർക്കും ഓണപ്പുടവ സമർപ്പണത്തിൽ പങ്കെടുക്കാൻ സൗകര്യം ഒരുക്കുന്ന പതിവ് കഴിഞ്ഞ പതിനാലു വർഷമായി തുടരുന്നു. 2012 മുതൽ അന്നത്തെ ഗുരുവായൂർ ദേവസ്വം ഭരണസമിതിയാണ് ഭക്തജനങ്ങൾക്ക് ഈ അവസരം വിപുലമായി ഒരുക്കിയത്. അങ്ങനെ ഗുരുപവനപുരത്തിലെത്തുന്ന ഭക്തർക്ക് തങ്ങളുടെ ഇഷ്ടദേവനായ ഗുരുവായൂരപ്പന് നേരിട്ട് ഓണപ്പുടവ സമർപ്പിച്ച് ആത്മസംതൃപ്തി നേടാനുള്ള അപൂർവ അവസരമാണ് ലഭിക്കുന്നത്.

തിരുവോണം നമസ്കാരം

ഓണപ്പുടവ സമർപ്പണത്തിനൊപ്പം ചിങ്ങമാസത്തിലെ തിരുവോണദിനത്തിൽ ഗുരുവായൂരപ്പന് “തിരുവോണം നമസ്കാരം” എന്ന പൗരാണിക ചടങ്ങും നടക്കുന്നു. ഓണം എന്നത് ആഘോഷത്തിന്റെ മാത്രം പേരല്ല; ഭക്തിയുടെയും സമർപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ഓർമ്മകളുടെയും ഉത്സവം കൂടിയാണ് ഗുരുവായൂരിൽ. ഓരോ ആചാരത്തിനും പിന്നിൽ തലമുറകളിലൂടെ കൈമാറിവന്ന വിശ്വാസങ്ങളും അനുഭവങ്ങളും ഐതിഹ്യങ്ങളുമുണ്ട്.

മേൽപ്പത്തൂർ ഭട്ടതിരിപ്പാട് നാരായണീയത്തിൽ പാടിയതുപോലെ, “വിചിത്രരൂപസ്തവ ഖല്വനുഗ്രഹഃ” എന്ന ഭാവത്തിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോൾ, ആരിലൂടെ, ഏതു രൂപത്തിൽ എത്തുമെന്നത് മനുഷ്യബുദ്ധിക്ക് അതീതമാണ്.

2026ലെ തിരുവോണസുദിനം

ഈ വർഷത്തെ തിരുവോണസുദിനമായ 2026 ആഗസ്റ്റ് 26 ബുധനാഴ്ച ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണച്ചടങ്ങ് നടന്നു. പൗരാണിക ഊരാളകുടുംബമായ മല്ലിശ്ശേരി മനയിലെ കാരണവരും കുടുംബാംഗങ്ങളും ഭക്തിയോടെയും പ്രാർത്ഥനയോടെയും ഈ പാരമ്പര്യ ചടങ്ങിൽ പങ്കെടുക്കുന്നു. ഗുരുവായൂരപ്പന്റെ രണ്ട് തൃക്കൈകളിലും രണ്ട് ഓണപ്പുടവകൾ സമർപ്പിക്കുന്ന ഈ ചടങ്ങ് പാരമ്പര്യത്തിന്റെ തുടർച്ച മാത്രമല്ല, ഭക്തിയും ഭഗവാനും തമ്മിലുള്ള അതിരുകളില്ലാത്ത ബന്ധത്തിന്റെ പ്രതീകം കൂടിയാണ്.ഗുരുവായൂരപ്പന്റെ വാത്സല്യവും അനുഗ്രഹവും ആവോളം അനുഭവിച്ച സജ്ജനഭക്തരുടെ പ്രാർത്ഥനകളോടൊപ്പം നമുക്കും ഈ തിരുവോണസുദിനത്തിൽ പ്രാർത്ഥിക്കാം:

**“ഗുരുവായൂരപ്പാ…തത്വം തെല്ലുമറിഞ്ഞിടാതെനിതരം വിത്താദിവസ്തുക്കളിൽപ്രീത്യാ വാണു ദുഷിച്ചിടുന്ന മനമേ,കേട്ടീടുകെൻ വാക്കു നീ… നിത്യം ഭാഗവതത്തിലും,ഗുരുപുരാധീശന്റെ പാദത്തിലും,ഭക്തന്മാരുടെ പാദപാംസുപതിയിലുംദേശത്തിലും പാർക്കണം…”**

ഭക്തിയുടെ ഈ പുണ്യപാരമ്പര്യം തലമുറകളിലേക്ക് കൈമാറട്ടെ. ഗുരുവായൂരപ്പന്റെ തിരുവോണസുദിനത്തിൽ ഓരോ ഭക്തഹൃദയത്തിലും സ്നേഹത്തിന്റെയും സമർപ്പണത്തിന്റെയും വിശ്വാസത്തിന്റെയും ഓണപ്പൊലിമ നിറയട്ടെ.

ഹരേ കൃഷ്ണാ… ഗുരുവായൂരപ്പാ… നാരായണാ…

കടപ്പാട് ✍️ : രാമയ്യർ പരമേശ്വരൻ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts