തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ കരുണാസദസ്സ്; നിർധന കുടുംബങ്ങൾക്ക് ചികിത്സാ സഹായവും 200 കുടുംബങ്ങൾക്ക് അരി വിതരണവും
ഗുരുവായൂർ: ഗുരുവായൂരിന്റെ ആത്മീയ-സാംസ്കാരിക പൈതൃകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ആത്മീയ തേജസ്സുകളെ അനുസ്മരിച്ച് ഉത്രാട ദിനത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ ആഭിമുഖ്യത്തിൽ കാരുണ്യദിനാചരണം സംഘടിപ്പിച്ചു. തിരുവെങ്കിടം ടി.ടി.ഡി. കല്യാണമണ്ഡപത്തിൽ നടന്ന കരുണാസദസ്സ് ആത്മീയതയ്ക്കൊപ്പം സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും ഉയർത്തിപ്പിടിക്കുന്ന സംഗമമായി.
ഗുരുവായൂർ ക്ഷേത്രത്തിന്റെ ആചാര-അനുഷ്ഠാനങ്ങളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും ജീവിക്കുന്ന നിഘണ്ടുവായി വിശേഷിപ്പിക്കപ്പെടുന്ന, തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ സാരഥിയും ആത്മീയ തേജസ്സുമായിരുന്ന പി.വി. രാമചന്ദ്ര വാര്യർ, ജില്ലാ ഡെപ്യൂട്ടി കലക്ടറായി സ്തുത്യർഹമായ സേവനത്തിന് അംഗീകാരങ്ങൾ നേടിയ, പ്രവർത്തനപഥത്തിലെ കൃത്യനിഷ്ഠയുടെയും അച്ചടക്കത്തിന്റെയും മാതൃകയായിരുന്ന മുൻ തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി പ്രസിഡന്റും ആത്മീയാചാര്യനുമായ വി. രാഘവ വാര്യർ, ഗുരുവായൂരിലെ സാമൂഹിക-സാംസ്കാരിക-പൊതുമേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്ന ബഹുമുഖ പ്രതിഭയും തിരുവെങ്കിടാചലപതി ക്ഷേത്ര സമിതിയുടെ മുൻ പ്രസിഡന്റുമായിരുന്ന ജി.കെ. രാമകൃഷ്ണൻ എന്നിവരുടെ സ്മരണയ്ക്കായാണ് കാരുണ്യസദസ്സ് സംഘടിപ്പിച്ചത്.
ചടങ്ങിൽ ഗുരുവായൂർ തിരുവെങ്കിടം ക്ഷേത്ര ഊരാളനും ഗുരുവായൂർ ക്ഷേത്ര ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രജ്വലനം നടത്തി കാരുണ്യസദസ്സ് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ചന്ദ്രൻ ചങ്കത്ത് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം മുൻ മാനേജറും ഗുരുവായൂരിന്റെ ചരിത്രഗാഥകളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ള വ്യക്തിയുമായ ആർ. പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി. തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.
നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങായി ചികിത്സാ സഹായം
കാരുണ്യദിനാചരണത്തിന്റെ ഭാഗമായി ആതുരശുശ്രൂഷാ രംഗത്ത് സഹായം ആവശ്യമായ നിർധനരായ പത്തോളം കുടുംബങ്ങൾക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടാണ് ചികിത്സാ സഹായം കൈമാറിയത്.ഇതിനുപുറമെ ഇരുനൂറോളം പേർക്ക് അരിയും വിതരണം ചെയ്തു. ചന്ദ്ര വാര്യരുടെ സഹധർമ്മിണി രമാ ചന്ദ്രവാര്യർ അരി വിതരണത്തിന് നേതൃത്വം നൽകി. ഓണത്തിന്റെ സന്തോഷം പങ്കുവെക്കുന്ന തരത്തിൽ ഓണവിഭവങ്ങളോടുകൂടിയ അന്നദാനവും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
ക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ, ഖജാൻജി സേതു തിരുവെങ്കിടം, ഡോ. പി. മുരളി, ആശാ സുരേഷ്, രുഗ്മിണി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശശി വാറണാട്ട്, രാജു കലാനിലയം, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, ഉണ്ണികൃഷ്ണൻ ആലക്കൽ, ഗോപി മനയത്ത്, പി. രാഘവൻ നായർ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി.
തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഉത്രാടസദ്യയും കാഴ്ചക്കുല സമർപ്പണവും
ഉത്രാട ദിനാചരണത്തിന്റെ ഭാഗമായി തിരുവെങ്കിടാചലപതി ക്ഷേത്രത്തിലും വിവിധ ആത്മീയ ചടങ്ങുകൾ നടന്നു. ക്ഷേത്രത്തിൽ കാഴ്ചക്കുല സമർപ്പണവും ഉത്രാടസദ്യയും ഭക്തിനിർഭരമായി സംഘടിപ്പിച്ചു. ആത്മീയ മഹത്വങ്ങളെ അനുസ്മരിക്കുന്നതോടൊപ്പം അശരണർക്കും നിർധന കുടുംബങ്ങൾക്കും കൈത്താങ്ങാകുക എന്ന സന്ദേശം ഉയർത്തിപ്പിടിച്ച കാരുണ്യദിനാചരണം, ഉത്രാടത്തിന്റെ മാനവികതയും സഹജീവിസ്നേഹവും വിളിച്ചോതുന്ന വേറിട്ടൊരു സേവനപ്രവർത്തനമായി മാറി.
