വാദ്യഘോഷത്തിൽ ഉണരും ഗുരുവായൂർ; 251 വാദ്യപ്രതിഭകളുടെ മഞ്ജുളാൽത്തറ മേളം, പാഞ്ഞാൾ വേലുക്കുട്ടിക്ക് മേളപുരസ്കാരം, 501 ഐശ്വര്യവിളക്കുകളുമായി ഭക്തിസാന്ദ്രമായ ചിങ്ങവരവേൽപ്പ്
ഗുരുവായൂർ: മലയാള പുതുവർഷത്തിന്റെ ആരംഭമായ ചിങ്ങം ഒന്നിന് ഗുരുവായൂരിൽ ഭക്തിസാന്ദ്രവും കലാപരവുമായ വിപുലമായ ചിങ്ങമഹോത്സവം സംഘടിപ്പിക്കും. ആഗസ്റ്റ് 17 തിങ്കളാഴ്ച നടക്കുന്ന മഹോത്സവത്തിന്റെ ഭാഗമായി വാദ്യകലയുടെ വിസ്മയവും ആത്മീയതയുടെ നിറവുമൊന്നിക്കുന്ന നിരവധി പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
ചിങ്ങം ഒന്നിന് ഉച്ചയ്ക്ക് 3 മണിക്ക് കിഴക്കേ നട മഞ്ജുളാൽ പരിസരത്ത് 251 വാദ്യപ്രതിഭകൾ അണിനിരക്കുന്ന മഞ്ജുളാൽത്തറ മേളത്തോടെയാണ് മഹോത്സവത്തിന് തുടക്കമാകുക. വാദ്യപ്രവീണൻ ഗുരുവായൂർ ജയപ്രകാശിന്റെ പ്രമാണത്തിൽ അരങ്ങേറുന്ന മേളം രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കും. ഗുരുവായൂരിന്റെ സാംസ്കാരിക-വാദ്യ പാരമ്പര്യത്തിന് കൂടുതൽ നിറം പകരുന്ന അപൂർവ സംഗീതാനുഭവമായി മേളം മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
‘ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം’ പാഞ്ഞാൾ വേലുക്കുട്ടിക്ക്
മേളം സമാപിച്ചതിന് പിന്നാലെ വൈകീട്ട് 5 മണിക്ക് പ്രത്യേക വേദിയിൽ ‘ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാരം’ സമർപ്പിക്കും. ഇലത്താളവാദ്യ രംഗത്തെ പ്രമുഖനായ പാഞ്ഞാൾ വേലുക്കുട്ടിക്കാണ് ഈ വർഷത്തെ പുരസ്കാരം. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചെന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ പുരസ്കാരം സമ്മാനിക്കും.പ്രവാസിയും കലാ-സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ വിജയകുമാർ തെക്കൂട്ട്, പിതാവ് തെക്കൂട്ട് വേണുഗോപാലൻ നായരുടെ സ്മരണാർത്ഥം ഒരുക്കിയതാണ് പുരസ്കാരത്തിന്റെ മുഖ്യപ്രായോജകത്വം.
പഞ്ചവാദ്യവും താലപ്പൊലിയും; ഭക്തിസാന്ദ്രമായ ഘോഷയാത്ര
പുരസ്കാര സമർപ്പണത്തിന് ശേഷം മഞ്ജുളാൽ പരിസരത്ത് നിന്ന് ഗുരുവായൂർ ക്ഷേത്രസന്നിധിയിലേക്ക് വിപുലമായ ഭക്തിനാമജപ ഘോഷയാത്ര നടക്കും. പഞ്ചവാദ്യം, പട്ടുകുടകൾ, താലപ്പൊലി, ദേവരൂപങ്ങൾ, ആത്മീയ സ്വാമിശ്രേഷ്ഠന്മാരുടെ സാന്നിധ്യം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. പെരിങ്ങോട് ചന്ദ്രന്റെ സാരഥ്യത്തിൽ നടക്കുന്ന ഘോഷയാത്ര ക്ഷേത്രനഗരിയെ ആത്മീയ ആവേശത്തിലാഴ്ത്തി ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തും. ഭക്തജനങ്ങളുടെ നാമജപവും വാദ്യഘോഷവും ചേർന്ന് ഗുരുവായൂരിന്റെ അന്തരീക്ഷം ഭക്തിസാന്ദ്രമാക്കും.
501 ഐശ്വര്യവിളക്കുകൾ സമർപ്പിക്കും
ഘോഷയാത്ര ഗുരുവായൂരപ്പന്റെ സന്നിധിയിലെത്തിയ ശേഷം പ്രത്യേകമായി അലങ്കരിച്ച സ്ഥലത്ത് 501 ഐശ്വര്യവിളക്കുകൾ തെളിയിക്കും. നറുനെയ്യിൽ തിരിയിട്ട്, ഭഗവാന്റെ ചിത്രങ്ങളും പൂക്കളും അകമ്പടിയാക്കി ഒരുക്കുന്ന വിളക്കുകൾ ഭക്തിപൂർവം സമർപ്പിക്കും.
ക്ഷേത്ര അധികൃതർ വിളക്കുകൾ ഏറ്റുവാങ്ങുന്നതോടെ വർണാഭവും ആത്മീയവുമായ ചിങ്ങമഹോത്സവത്തിന് സമാപനമാകും. മലയാള പുതുവർഷത്തിന്റെ ആരംഭദിനത്തെ ഭക്തിയുടെയും കലാപാരമ്പര്യത്തിന്റെയും കൂട്ടായ്മയിലൂടെ വരവേൽക്കുകയാണ് മഹോത്സവത്തിന്റെ ലക്ഷ്യം.
ഇന്ന് കൊടിയേറ്റ്( 13-08-2026)
ചിങ്ങമഹോത്സവത്തിന്റെ ഔദ്യോഗിക തുടക്കത്തിന് മുന്നോടിയായി ആഗസ്റ്റ് 13 വ്യാഴാഴ്ച വൈകീട്ട് 5.30ന് കൊടിയേറ്റം നടക്കും. വാദ്യഘോഷത്തിന്റെ അകമ്പടിയോടെ, മധുരം വിതരണം ചെയ്താണ് കൊടിയേറ്റ ചടങ്ങ് സംഘടിപ്പിക്കുന്നത്. ഗുരുവായൂർ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിക്കും. കൊടിയേറ്റത്തിന്റെ വരവറിയിച്ച് ക്ഷേത്രനഗരിയുടെ വിവിധ ഭാഗങ്ങളിൽ കൊടിക്കൂറകൾ ഉയർത്തുകയും സമന്വയജ്യോതി തെളിയിക്കുകയും ചെയ്യും. ഇതോടെ ചിങ്ങമഹോത്സവത്തിന്റെ ആഘോഷങ്ങൾക്ക് ക്ഷേത്രനഗരിയിൽ ഔദ്യോഗിക തുടക്കമാകും.
ചിങ്ങമഹോത്സവത്തെ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും കലാസാംസ്കാരിക കൂട്ടായ്മയുടെയും മഹത്തായ വേദിയാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് സംഘാടകർ നടത്തുന്നത്.പത്രസമ്മേളനത്തിൽ ഭാരവാഹികളായ ജി.കെ. പ്രകാശൻ, രവി ചങ്കത്ത്, കെ.ടി. ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, ബാലൻ വാറണാട്ട്, ശശികുമാർ കൊടമന, ജയറാം ആലക്കൽ, ശശി കേനാടത്ത്, നിർമ്മല നായ്കത്ത്, സരളമുള്ളത്ത് എന്നിവർ പങ്കെടുത്തു.
