ആഗസ്റ്റ് 9, 10 തീയതികളിൽ വൈവിധ്യമാർന്ന പരിപാടികൾ; പ്രമുഖ പൂർവവിദ്യാർത്ഥികളും ജനപ്രതിനിധികളും സാംസ്കാരിക പ്രതിഭകളും പങ്കെടുക്കും
ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുമിനി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പൂർവവിദ്യാർത്ഥികളുടെ മഹാസംഗമമായ “ഹൃദയത്തിൽ ശ്രീകൃഷ്ണ” ആഗസ്റ്റ് 9, 10 തീയതികളിൽ കോളേജ് ക്യാമ്പസിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. വിദ്യാഭ്യാസകാലത്തെ മധുരസ്മരണകൾ പുതുക്കുന്നതിനും വിവിധ തലമുറകളിലെ പൂർവവിദ്യാർത്ഥികളെ ഒരേ വേദിയിൽ ഒന്നിപ്പിക്കുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 9-ന് കോളേജിലെ മുതിർന്ന പൂർവവിദ്യാർത്ഥി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രജിസ്ട്രേഷൻ ആരംഭിക്കും.ആഗസ്റ്റ് 10-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ “ബാക്ക് ടു ക്ലാസ്‌റൂം” എന്ന പരിപാടി നടക്കും. തുടർന്ന് 12.30 മുതൽ 1.30 വരെ കോളേജ് യൂണിയൻ മുൻ ഭാരവാഹികളുടെ സംഗമമായ “സാരഥ്യം” സംഘടിപ്പിക്കും.
തുടർന്ന് സംരംഭക രംഗത്ത് ശ്രദ്ധേയരായ പൂർവവിദ്യാർത്ഥികളെ ആദരിക്കുന്ന “ഉദ്യമഗാഥ”, അധ്യാപകരെ ആദരിക്കുന്ന “സ്നേഹാദരം” എന്നീ ചടങ്ങുകൾ നടക്കും. കൂടാതെ “മെമ്മറി ഇൻ ആർട്ട്”, “മെമ്മറി ട്രാക്ക്”, “ലോകത്തിൽ ശ്രീകൃഷ്ണ”, “ഓൾഡ് ആൻഡ് ന്യൂ”, “കപ്പിൾ വാൾ”, “പാടാം നമുക്ക് പാടാം”, “എ ബാക്ക് ടു റിമംബർ” എന്നീ വൈവിധ്യമാർന്ന പരിപാടികളും ഒരുക്കിയിട്ടുണ്ട്.വൈകുന്നേരം ഐഡിയ സിംഗർ ഫെയിം ശ്രീരാഗ് നയിക്കുന്ന സംഗീതവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.
പരിപാടിയിൽ ശ്രീകൃഷ്ണ കോളേജിലെ വിവിധ ബാച്ചുകളിലെ പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, എം.എൽ.എമാരായ കെ.കെ. വത്സരാജ്, പി.പി. സുമോദ്, വി.ടി. ബൽറാം, സി. രവീന്ദ്രനാഥ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ്, ടി.കെ. വാസു, കവി റഫീഖ് അഹമ്മദ്, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, അജയൻ ചാലിശ്ശേരി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ അലുമിനി അസോസിയേഷൻ ഭാരവാഹികളായ അനൂപ് പി.ബി., സജീപ് എം.പി., കോളേജ് പ്രിൻസിപ്പൽ ഡോ. പി.പി. സന്തോഷ്, പി.ജെ. സ്റ്റൈജു, ഡോ. ശ്രീജ ടി.ഡി., അനൂപ് കെ.എസ്., രാജേഷ് കെ.ആർ., എം.എഫ്. നിക്സൺ എന്നിവർ പങ്കെടുത്തു.
പൂർവവിദ്യാർത്ഥികളുടെ സൗഹൃദവും കോളേജുമായുള്ള ആത്മബന്ധവും കൂടുതൽ ദൃഢമാക്കുന്നതിനൊപ്പം പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന അനുഭവങ്ങൾ പങ്കുവെക്കുന്ന വേദിയായും “ഹൃദയത്തിൽ ശ്രീകൃഷ്ണ” മാറുമെന്ന് സംഘാടകർ അറിയിച്ചു.

