ഓൺലൈൻ ബുക്കിങ്ങിലൂടെ സുഖദർശനം; ആദ്യഘട്ടത്തിൽ പ്രതിദിനം 2,400 ഭക്തർക്ക് അവസരം
ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുഗമവുമായ ദർശനം ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വെർച്വൽ ക്യൂ ദർശന സംവിധാനം നാളെ (ഓഗസ്റ്റ് 4, ചൊവ്വാഴ്ച) മുതൽ നിലവിൽ വരും. ദർശനത്തിനായി ദീർഘനേരം ക്യൂവിൽ കാത്തുനിൽക്കേണ്ട സാഹചര്യം കുറയ്ക്കുകയും, മുൻകൂട്ടി സമയം നിശ്ചയിച്ച് ദർശനം നടത്താൻ അവസരം ഒരുക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
വെർച്വൽ ക്യൂ ദർശന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഓഗസ്റ്റ് 4-ന് രാവിലെ 6.30-ന് ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ശ്രീ. എ. വി. ഗോപിനാഥ് നിർവഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.ആദ്യഘട്ടത്തിൽ മണിക്കൂറിൽ 300 ഭക്തർക്കാണ് ഓൺലൈൻ ബുക്കിങ്ങിലൂടെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനത്തിന് അവസരം ലഭിക്കുക. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 4 മുതൽ എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്.
പ്രതിദിനം എട്ട് മണിക്കൂർ വെർച്വൽ ക്യൂ ദർശനം ക്രമീകരിച്ചിട്ടുള്ളതിനാൽ ആകെ 2,400 ഭക്തർക്ക് ദിവസേന ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, തുടർന്ന് വൈകിട്ട് 4 മണി മുതൽ 6 മണി വരെയും വെർച്വൽ ക്യൂ ദർശനം ലഭ്യമാകും.
ഭക്തരിൽ നിന്ന് മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് മാസത്തിലെ എല്ലാ വെർച്വൽ ക്യൂ ദർശന സ്ലോട്ടുകളുടെയും ഓൺലൈൻ ബുക്കിങ് ഇതിനകം തന്നെ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. സെപ്റ്റംബർ മാസത്തേക്കുള്ള വെർച്വൽ ക്യൂ ദർശന ബുക്കിങ് ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.വെർച്വൽ ക്യൂ ദർശനത്തിനുള്ള രജിസ്ട്രേഷൻ, ബുക്കിങ്, സമയക്രമം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.guruvayurdevaswom.in സന്ദർശിച്ച് ലഭ്യമാക്കാം.
ഭക്തജനങ്ങളുടെ തിരക്ക് ക്രമീകരിക്കുന്നതോടൊപ്പം കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ദർശനാനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുരുവായൂർ ദേവസ്വം വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നത്. ക്ഷേത്രത്തിലെ ദർശനക്രമീകരണങ്ങളിൽ ഇത് സുപ്രധാനമായ ഒരു ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
